പോക്സോ കേസില്‍ ചരിത്ര വിധി ; 80 വര്‍ഷം കഠിനതടവും ഇരട്ട ജീവപര്യന്തവും 6,50,000 രൂപ പിഴയും
1374699
Thursday, November 30, 2023 8:00 AM IST
ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരേ പോക്സോ കോടതിയുടെ ചരിത്ര വിധി. തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് ക്രൈം 1586/21, പോക്സോ പ്രകാരമുള്ള കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ (പോക്സോ ) ജഡ്ജി പി.എസ്. സൈമ വിധി പ്രസ്താവിച്ചത്.
മാടപ്പള്ളി അഴകാത്തുപടി കടന്തോട് ജോഷി ചെറിയാനെ (39)യാണ് ശിക്ഷിച്ചത്. വിവിധ സെക്ഷനുകള്‍ പ്രകാരം പ്രതിക്ക് 80 വര്‍ഷം കഠിനതടവും ഇരട്ട ജീവപര്യന്തവും വിധിച്ചു. ജീവപര്യന്തം മരണം വരെയാണെന്ന് വിധിയില്‍ കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ 6,50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അടയ്ക്കാത്ത പക്ഷം ആറരവര്‍ഷം അധികതടവ് അനുഭവിക്കേണ്ടി വരും. പിഴയടച്ചാൽ ആ തുക അതിജീവിതയ്ക്കു നല്‍കും.
കൂടാതെ അതിജീവിതയ്ക്ക് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിട്ടിയില്നിന്നു നഷ്ടപരിഹാരത്തുകയും അനുവദിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി 36 സാക്ഷികളെയും 42 പ്രമാണങ്ങളും ഹാജരാക്കി. ഈ കേസിന്റെ അന്വേഷണ ചുമതല വഹിച്ചത് ചങ്ങനാശേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആര്. ശ്രീകുമാര്‍, തൃക്കൊടിത്താനം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇ. അജീബ്, കോടതി ലെയ്സണ്‍ ഓഫീസര്‍ എഎസ്ഐ സുപ്രിയ കെ. കവിത എന്നിവരാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.എസ്. മനോജ് ഹാജരായി.