അഷ്ടമി: ലഹരി ഉപയോഗിച്ചാൽ പിടിവീഴും
1374706
Thursday, November 30, 2023 8:00 AM IST
വൈക്കം:വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. എക്സൈസ് ഇൻസ്പെക്ടർ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം, ഡോഗ് സ്ക്വാഡ്, വൈക്കം പോലീസ് എന്നിവ സംയുക്തമായി വൈക്കം ബീച്ച് , കുട്ടികളുടെ പാർക്ക്, ബോട്ട് ജെട്ടി, ആളൊഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
കഞ്ചാവ്, മറ്റു ലഹരിവസ്തുക്കൾ തുടങ്ങിയവ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ ഡോൺ എന്ന നായയുമായാണ് പരിശോധന നടത്തിയത്. ലഹരി ഉപയോഗിച്ചിട്ടുള്ളവരെയും ലഹരിവസ്തുക്കൾ കൈവശം വയ്ക്കുന്നവരെയും ഡോൺ വളരെ വേഗത്തിൽ തിരിച്ചറിയുമെന്നതാണ് ഈ നായയുടെ സവിശേഷത. വരുംദിവസങ്ങളിൽ ഇത്തരത്തിലുള്ള പരിശോധന ശക്തമാക്കും.
യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനായി വൈക്കം പ്രദേശങ്ങളിൽ രാത്രികാല റെയ്ഡും പട്രോളിംഗും നടത്തും. ഇത്തരത്തിൽ സംയുക്ത പരിശോധന വരുംദിവസങ്ങളിൽ ശക്തമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.