വീട് കുത്തിത്തുറന്ന് മോഷണം
1374712
Thursday, November 30, 2023 8:01 AM IST
കുമരകം: കുമരകം മുത്തേരിമടയ്ക്കു സമീപം വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. പള്ളത്തുശേരിൽ ജോർജ് കുരുവിളയുടെ (ജീമാേൻ) വീടാണ് കുത്തിത്തുറന്ന് വീട്ടുപകരണങ്ങളും രണ്ട് മോട്ടോറുകളും അപഹരിച്ചത്. കുമാരനല്ലൂരാണ് ജീമോനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.
ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇവർ കുമരകത്തെ തറവാട്ടുവീട്ടിൽ എത്തുന്നത്. ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന അലമാരകളെല്ലാം തുറന്നു നശിപ്പിച്ചിട്ടുണ്ട്. ചുവരുകളിൽ ആദിത്യൻ, സതീവ്, എസ്.കെ എന്നീ പേരുകൾ എഴുതുകയും ലൗ ചിഹ്നം ഉൾപ്പടെ ധാരാളം പടങ്ങൾ സ്കെച്ചു പെൻ ഉപയോഗിച്ചു വരയ്ക്കുകയും ചെയ്തിട്ടുണ്ട്. ജീമോന്റെ ഓഫീസ് സീൽ എടുത്ത് വീടിന്റെ മതിലിലും മുത്തേരിമട വ്യൂ പോയിന്റിലെ ബെഞ്ചിലും സീൽ പതിപ്പിച്ചിട്ടുണ്ട്.
ഇതിനു മുമ്പും പല തവണ വീട്ടിൽ മോഷണം നടന്നിണ്ടെന്നും കുമരകം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.