നവകേരള സദസിന് സംഭാവന നൽകുന്നതിൽ വിയോജിപ്പ്
1374713
Thursday, November 30, 2023 8:01 AM IST
നീണ്ടൂർ: നീണ്ടൂർ പഞ്ചായത്തിൽ പൊട്ടിപ്പൊളിഞ്ഞ നിരവധി റോഡുകൾ സഞ്ചാരയോഗ്യമാക്കാനും മറ്റ് വികസന പ്രവർത്തനങ്ങൾക്കും പണമില്ലാത്ത സാഹചര്യത്തിൽ നവകേരള സദസിന് അമ്പതിനായിരം രൂപ ചെലവഴിക്കാൻ എൽഡിഎഫ് ഭരണസമിതി എടുത്ത തീരുമാനത്തിനെതിരേ യുഡിഎഫിന്റെ വിയോജനക്കുറിപ്പ്.
തദ്ദേശ വകുപ്പിനുവേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അയച്ച ഉത്തരവ് വ്യക്തതയില്ലാത്തതും നിയമ വിരുദ്ധവുമാണെന്ന് യുഡിഎഫ് വ്യക്തമാക്കി. സംഘാടകസമിതിക്ക് തുക കൈമാറണമെന്ന് ഉത്തരവിൽ ഉണ്ടെങ്കിലും പഞ്ചായത്ത്തല സംഘാടക സമിതിക്കാണോ നിയോജക മണ്ഡലം സമിതിക്കാണോ എന്ന് വ്യക്തമല്ല.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നീണ്ടൂർ പഞ്ചായത്ത് തുക ചെലവഴിക്കുന്നത് ജനദ്രോഹമാണെന്ന് യുഡിഎഫ് ആരോപിച്ചു.യുഡിഎഫിനുവേണ്ടി എം. മുരളി വിയോജിപ്പു രേഖാമൂലം നൽകി. പഞ്ചായത്ത് മെംബർമാരായ സിനുജോൺ, മരിയ ഗോരേത്തി, സൗമ്യ വിനീഷ് എന്നിവർ പങ്കെടുത്തു.