ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റാങ്ക് ലിസ്റ്റിനെതിരേ ആക്ഷേപം
1374718
Thursday, November 30, 2023 8:01 AM IST
കോട്ടയം: വനിതാ ശിശുവികസന വകുപ്പ് അങ്കണവാടി വര്ക്കര്മാരില്നിന്നും ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി യോഗ്യതയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയെ തുടര്‍ന്നുള്ള റാങ്ക് ലിസ്റ്റില്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ കടന്നുകൂടിയതായി ആക്ഷേപം.
എസ്എസ്എല്‍സി പാസായതിനു ശേഷമാണ് ഡിഗ്രി എടുത്തിരിക്കുന്നതെന്ന വാദഗതി പറഞ്ഞാണ് പിഎസ്സി എസ്എസ്എല്‍സി ക്വാട്ടയില്‍ ഡിഗ്രിക്കാരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിഗ്രി പാസായവര്‍ക്ക് പ്രത്യേക ക്വാട്ടയുള്ളപ്പോഴാണ് പിഎസ്സി ഇങ്ങനെയൊരു തീരുമാനമെടുത്തത്. 2021 ഡിസംബറില്‍ നടത്തിയ പരീക്ഷയില്‍ 29 ശതമാനം എസ്എസ്എല്‍സി വിഭാഗത്തിനും 11 ശതമാനം ഡിഗ്രി വിഭാഗത്തിനും വേണ്ടിയുള്ളതായിരുന്നു. ഈ ലിസ്റ്റിലാണ് ഡിഗ്രി വിഭാഗക്കാര്‍ എസ്എസ്എല്‍സി വിഭാഗത്തിലെ ലിസ്റ്റില്‍ കടന്നു കൂടിയിരിക്കുന്നത്.
സൂപ്പര്‍വൈസര്‍ തസ്തികയില്‍ ജനറല്‍ കാറ്റഗറിക്ക് 58 ശതമാനം, അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 40 ശതമാനം, വകുപ്പുതല പ്രമോഷന് രണ്ടു ശതമാനം എന്നിങ്ങനെയാണ്. 2013വരെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 40 ശതമാനം ഒന്നിച്ചായിരുന്നു. ഇതില്‍ നിന്നും 2014 ജനുവരിയില്‍ 11ശതമാനം അങ്കണവാടി വര്‍ക്കര്‍മാരിലെ ഡിഗ്രിക്കാര്‍ക്കായി പ്രത്യേക റൂള്‍ പ്രകാരം മാറ്റി പരീക്ഷ നടത്തി 146 പേരെ ഐസിഡിഎശ് സൂപ്പര്‍വൈസര്‍മാരായി നിയമിക്കുകയും ചെയ്തു.
2008ല്‍ ഡിഗ്രി എന്നോ എസ്എസ്എല്‍സി എന്നോ ഭേദമില്ലാതെ അങ്കണവാടി വര്‍ക്കര്‍ ക്വാട്ടാ എന്ന നിലയില്‍ ആയിരുന്നു പരീക്ഷ നടത്തി ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെ നിയമിച്ചത്. പിന്നീട് അതില്‍നിന്നും ഡിഗ്രിക്കാര്‍ക്ക് 11 ശതമാനം മാറ്റിവച്ചു.
2014 ല്‍ പരീക്ഷ നടത്തി നിയമനവും നടത്തിയിരുന്നു. 2022ല്‍ അടുത്ത പരീക്ഷയും ഡിഗ്രിക്കാര്ക്കുവേണ്ടി നടത്തി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും കഴിഞ്ഞു. 2008നു ശേഷം എസ്എസ്എല്സിക്കാരായ ജീവനക്കാര്‍ക്ക് ആകെ കിട്ടിയ അവസരമാണ് 2021 ല്‍ 29ശതമാനം എസ്എസ്എല്‍സി ക്വാട്ടയില്‍ നടത്തിയ പരീക്ഷ.
എസ്എസ്എല്‍സി കഴിഞ്ഞാണ് ഡിഗ്രി എടുത്തതെന്നും പറഞ്ഞു പിഎസ് സി ഡിഗ്രിക്കാരുടെയും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മാത്രം പരിശോധിച്ച് എസ്എസ്എസി ക്കാരുടെ ഒപ്പം എസ്എസ്എല്‍സി ക്വാട്ടയില്‍ ഉള്‍പ്പെടുത്തി 2022 ജനുവരിയില്‍ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു അഡ്വൈസും അയച്ചു.
ഇതിനെതിരേ 2022 ഒക്ടോബര്‍ മുതല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലില്‍ കേസ് നടക്കുന്നു.