നെടുംകുന്നം വിശ്വാസിസാഗരമായി; സായുജ്യമായി പുഴുക്കുനേര്‍ച്ച
1374721
Thursday, November 30, 2023 8:01 AM IST
നെടുംകുന്നം: നെടുംകുന്നം യോഹന്നാന് മാംദാനയുടെ പൗരാണിക ദേവാലയത്തിലെ പ്രസിദ്ധമായ പുഴുക്കുനേര്‍ച്ചയില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു.പള്ളിമുറ്റത്തും മൈതാനങ്ങളിലുമായി ഇരുന്ന വിശ്വാസികള്‍ പുഴുക്കുനേര്‍ച്ച ഭക്ഷിച്ചു. പള്ളിപ്പറമ്പിലെ തേക്കിലയില്‍ നേര്‍ച്ച വിളമ്പുന്ന ആചാരത്തിന് ഇക്കൊല്ലവും പതിവു തെറ്റിയില്ല.
നാനാജാതി മതസ്ഥര്‍ പങ്കെടുത്ത നേര്ച്ചസദ്യയില് പങ്കുചേരാന്‍ മലബാറിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിയവരും പ്രവാസികളുമൊക്കെ സന്നിഹിതരായിരുന്നു. ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കും തിരുക്കര്‍മങ്ങള്‍ക്കും ശേഷം വൈകുന്നേരം അഞ്ചിന് വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില് നേര്‍ച്ച ആശീര്‍വദിച്ചു.
ഫലമൂലാദികളും മാംസവും ചേര്‍ത്തുള്ള നേര്‍ച്ച ആരോഗ്യസൗഖ്യദായകമാണെന്ന് കാലങ്ങളായി വിശ്വസിക്കുന്നു. വിവിധ വാര്‍ഡുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 650 ഓളം വോളണ്ടിയര്‍മാര്‍ കുട്ടകളില്‍ നിന്നും നേര്‍ച്ചപ്പുഴുക്ക് തേക്കിലയില്‍ പകര്ന്നുനല്കി. ഡിസംബര്‍ മൂന്നിന് കൊടിയിറക്കോടെ തിരുനാള്‍ സമാപിക്കും.