ക്രിസ്മസ് വരവായി; നാടും നഗരവും നക്ഷത്രാലംകൃതം
1374938
Friday, December 1, 2023 6:53 AM IST
കോട്ടയം: ക്രിസ്മസ് പടിവാതിൽക്കൽ എത്തിയതോടെ നാടും നഗരവും നക്ഷത്രാലംകൃതമായി. ക്രിസ്മസ് ട്രീയും പുൽക്കൂടും നക്ഷത്രങ്ങളും വാങ്ങാൻ കടകളിൽ തിരക്കേറി. വീടുകൾക്ക് മുമ്പിൽ വിവിധ നിറത്തിലും വർണത്തിലുമുള്ള നക്ഷത്രങ്ങൾ തെളിഞ്ഞുതുടങ്ങി.
എൽഇഡി നക്ഷത്രങ്ങൾ തട്ടിയെടുത്ത നക്ഷത്രലോകത്തെ കുത്തക ഇത്തവണ പേപ്പർ നക്ഷത്രങ്ങൾ തിരിച്ചുപിടിച്ചിട്ടുണ്ട്. പേപ്പർ നക്ഷത്രങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. അന്പത് രൂപ മുതൽ 425 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങൾ വിപണിയിൽ ലഭ്യമാണ്. മത്തങ്ങ നക്ഷത്രമാണ് ഇക്കൊല്ലത്തെ ട്രെൻഡിംഗ്.
പുൽക്കൂടിന് 265 രൂപ മുതൽ 475 രൂപ വരെയാണ് വില. നട്ടുംബോൾട്ടും ഉപയോഗിച്ച് നിർമിച്ച പുൽക്കൂടിനാണ് ആവശ്യക്കാർ ഏറെയും. ഇവ ആവശ്യം കഴിഞ്ഞാൽ അഴിച്ചെടുത്ത് സൂക്ഷിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. പുൽക്കൂട്ടിൽ വയ്ക്കുന്ന രൂപങ്ങൾക്ക് വലിപ്പം കുറഞ്ഞവയ്ക്ക് 325 രൂപയും വലിയ രൂപങ്ങൾക്ക് 525 രൂപയുമാണ് ഒരു സെറ്റിന് വില. ഒരേസമയം തന്നെ വ്യത്യസ്ത നിറത്തിൽപ്പെട്ട ബൾബുകൾ കത്തുന്ന എൽഇഡി നക്ഷത്രങ്ങളുടെ ശരാശരി വില 350 രൂപയാണ്.
നേരത്തേ തന്നെ വിപണികളിൽ ഇത്തവണ നക്ഷത്രങ്ങൾ എത്തിയിട്ടുണ്ട്. ക്രിസ്മസിന് തൊട്ടുമുമ്പ് വരെ നക്ഷത്രക്കച്ചവടം പൊടിപൊടിക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാരികൾ.
വിവിധ സിനിമകളുടെ പേരിൽ അറിയപ്പെടുന്ന നക്ഷത്രങ്ങളും ഇത്തവണ വിപണിയിലുണ്ട്. ഒരേ നക്ഷത്രങ്ങൾക്ക് തന്നെ പല വിപണികളിൽ പല പേരാണെന്നുള്ളതും ശ്രദ്ധേയമാണ്. ഇതോടൊപ്പം ക്രിസ്മസ് ട്രീ, സാന്താക്ലോസിന്റെ മുഖം മൂടികൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം വിപണിയിൽ എത്തിയിട്ടുണ്ട്.