പ്രായത്തെ തോൽപ്പിച്ച് എ.ജെ. മാത്യു ഓടിക്കയറുന്നത് റെക്കോർഡുകളുടെ പൊൻ തിളക്കത്തിലേക്ക്
1375080
Friday, December 1, 2023 11:51 PM IST
സാന്റോ ജേക്കബ്
മുണ്ടക്കയം: പ്രായത്തിന്റെ പരിമിതികളെ ഓടിത്തോൽപ്പിച്ചുകൊണ്ടിരിക്കുന്ന മുണ്ടക്കയം വെട്ടുകല്ലാംകുഴി ഇലഞ്ഞിമറ്റത്തിൽ എ.ജെ. മാത്യുവാണ് (82) ഇന്ന് നാട്ടിലെ താരം.
കുന്നംകുളത്തു നടന്ന സംസ്ഥാന വെറ്ററൻസ് അതലക്സ് ചാമ്പ്യൻഷിപ്പിൽ 80 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ട്രിപ്പിൾ സ്വർണം നേടിയാണ് മാത്യു ഇലഞ്ഞിമറ്റം സംസ്ഥാനത്തെ മിന്നും താരമായി മാറുന്നത്. 100, 200, 400 മീറ്ററിലാണ് ഇദ്ദേഹം സ്വർണം നേടിയത്. അപൂർവ നേട്ടം കൈവരിച്ച ഇദ്ദേഹത്തിന് നാടിന്റെ നാനാതുറകളിൽനിന്നു വലിയ സ്വീകരണമാണ് ഇപ്പോൾ ലഭിക്കുന്നത്.
കഴിഞ്ഞ വർഷവും എ.ജെ. മാത്യു തന്നെയായിരുന്നു ഈ മത്സരത്തിലെ ജേതാവ്. സാധാരണ ആളുകൾ ഈ പ്രായം കടക്കാൻ നന്നേ പാടുപെടുമ്പോഴാണ് യൗവനത്തിന്റെ പ്രസരിപ്പുമായി എ.ജെ. മാത്യു പുതിയ റെക്കോർഡുകൾ സ്ഥാപിക്കുന്നത്. പഠന കാലഘട്ടം മുതൽ സ്പോർട്സിനോട് വലിയ താത്പര്യമായിരുന്നു ഇദ്ദേഹം കാണിച്ചിരുന്നത്.
സ്കൂൾ കാലഘട്ടത്തിൽ ജില്ല, സംസ്ഥാന ചാമ്പ്യനുമായിരുന്നു. പാലാ വിളക്കുമാടത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനം കോട്ടയത്തും. സ്പോർട്സ് കോട്ടയിൽ മദ്രാസ് പോലീസിൽ 10 വർഷത്തോളം സേവനമനുഷ്ഠിച്ചു. വോളണ്ടറി റിട്ടയർമെന്റ് വാങ്ങിയ മാത്യു ഇലഞ്ഞിമറ്റം ബിസിനസിലേക്ക് കടന്നു. കോട്ടയത്ത് രണ്ട് സ്പെയർപാർട്സ് കടകൾ നടത്തുന്നതിനിടയിലും തന്റെ കായിക മേഖലയോടുള്ള താത്പര്യം നിലനിർത്തി പോകുന്നു.
കോട്ടയത്തെ വിവിധ സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ പ്രധാന പങ്കാളിയായിരുന്നു ഇദ്ദേഹം. എല്ലാ ദിവസവും നെഹ്റു സ്റ്റേഡിയത്തിൽ പരിശീലനം നേടുന്നതോടൊപ്പം കുട്ടികൾക്ക് തന്നാൽ കഴിയാവുന്ന അറിവുകൾ പകർന്നു നൽകി.
നിരവധി സംസ്ഥാന ദേശീയ മെഡലുകൾ കരസ്ഥമാക്കിയ ഇദ്ദേഹം ബംഗളുരിൽ നടന്ന ഏഷ്യൻ ഗെയിംസിലും പങ്കാളിയായി. വെറ്ററൻസ് അതലറ്റിക്സിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന ജേതാവാണ് ഇദ്ദേഹം.
ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തു നൂറുകണക്കിന് മെഡലുകളാണ് ഈ 80 കാരൻ ഇതുവരെ സമ്പാദിച്ചിട്ടുള്ളത്. കൃത്യമായ പരിശീലനവും ചിട്ടയോടു കൂടിയുള്ള ആഹാരക്രമവുമാണ് തന്റെ വിജയങ്ങൾക്ക് പിന്നിലെന്ന ഇദ്ദേഹം പറയുന്നു. കഴിഞ്ഞ 10 വർഷമായി വെട്ടുകല്ലാംകുഴി താമസിക്കുന്ന എ.ജെ. മാത്യു എല്ലാ ദിവസവും രാവിലെ മുണ്ടക്കയം 35ാം മൈലിലെ ബോയ്സ് ഗ്രൗണ്ടിലെത്തി പരിശീലനം നത്തും.
കായിക മേഖലയിലെ തിളങ്ങുന്ന താരമായ മാത്യു ഇലഞ്ഞിമാറ്റം ഒരു ഓൺലൈൻ ബിസിനസുകാരൻ കൂടിയാണ്. കോട്ടയം, ഇടുക്കി ജില്ലകളിലെ സ്പെയർപാർട്സുകളുടെ ഓൺലൈൻ ബിസിനസിൽ പ്രധാനിയാണ് ഇദ്ദേഹം.
ഇതിനായി നിരവധി യാത്രകൾ നടത്തുമ്പോഴും തന്റെ കായിക പരിശീലനം ഒരിക്കലും മുടക്കാറില്ല. സംസ്ഥാന തലത്തിൽ ട്രിപ്പിൾ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയതോടെ ദേശീയ മത്സരത്തിൽ പങ്കെടുക്കുവാനുള്ള തയാറെടുപ്പിലാണ് മാത്യു ഇലഞ്ഞിമാറ്റം.
അന്താരാഷ്ട്ര മത്സരത്തിൽ വിജയിക്കുകയെന്നതാണ് ആഗ്രഹമെന്നും ഇദ്ദേഹം പറയുന്നു. മാത്യുവിന് പിന്തുണയുമായി ഭാര്യ ലീലാമ്മയും ഒപ്പമുണ്ട്. സാജ് മാത്യു, സുജ മാത്യു എന്നിവരാണ് മക്കൾ. രണ്ടുപേരും കോട്ടയം, പാല എന്നിവിടങ്ങളിൽ ബിസിനസുകാരാണ്.