നാട്ടുകാര്‍ പിരിവെടുത്ത് കുഴികളടച്ചു
1376173
Wednesday, December 6, 2023 6:32 AM IST
കല്ലറ: കല്ലറ മാര്‍ക്കറ്റ് ജംഗ്ഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായ പിഡബ്ള്യുഡി റോഡിലെ കുഴികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ മൂടി. സമീപത്തെ വ്യാപാരികളുടെ നേതൃത്വത്തില്‍ നാട്ടുകാരില്‍നിന്നു പിരിവെടുത്ത് കുഴികളില്‍ മടമക്ക് നിറച്ചാണ് വഴിയിലെ അപകടമൊഴിവാക്കിയത്. റോഡിലെ കുഴികളില്‍ വീണു നിരവധി യാത്രക്കാര്‍ക്ക് അപകടമുണ്ടായതിനെത്തുടര്‍ന്നാണ് വ്യാപാരികള്‍ റോഡ് നന്നാക്കാന്‍ നേരിട്ടിറിങ്ങിയത്.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ റോഡ് നന്നാക്കാനുള്ള ആദ്യ സംഭാവന കൈമാറി. പഞ്ചായത്തംഗം ജോയി കല്പകശേരിയുടെ നേതൃത്വത്തില്‍ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്നാണ് കുഴികളില്‍ മടമക്ക് നിറച്ചു താത്കാലികമായി പ്രശ്നം പരിഹരിച്ചത്.
കല്ലറ-കടുത്തുരുത്തി റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുന്നതിനാല്‍ പ്രശ്നപരിഹാരത്തിന് ശാശ്വതപരിഹാരം കാണാന്‍ അധികാരികള്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.