തിരുനാള്പ്രഭയില് പാലാ
1376335
Wednesday, December 6, 2023 11:45 PM IST
പാലാ: ജൂബിലി തിരുനാള്പ്രഭയില് പാലാ പട്ടണം. ഇന്നു മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. നാളെ ജൂബിലി തിരുനാള്‍. പാലാ പട്ടണം വീണ്ടുമൊരു ഒത്തുചേരലിന്റെ നിര്‍വൃതിയിലാണ്. നഗരവഴികള്‍ വെള്ളിത്തോരണങ്ങള് മേലാപ്പു ചാര്‍ത്തി അണിഞ്ഞൊരുങ്ങി. നഗരമാകെ കൊടിതോരണങ്ങളാലും മുത്തുക്കുടകളാലും വൈദ്യുതി ദീപാലങ്കാരങ്ങളാലും അലംകൃതമാണ്.
നയനമനോഹരമായ ഇലുമിനേഷനാണ് ജൂബിലി കപ്പേളയില്‍ ഒരുക്കിയിരിക്കുന്നത്. കലാപ്രേമികള്‍ക്ക് മനസില്‍ ആവേശത്തിന്റെ അലമാലകള്‍ ഉയര്‍ത്തി നടന്നു വന്ന നാടകമേളയ്ക്കു തിരശീല വീണു. കായികപ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് വോളിബോള്‍ ഫുട്ബോള്‍ മത്സരങ്ങളും സമാപിച്ചു. പുഴക്കര മൈതാനത്ത് ആകാശത്തൊട്ടിലും മരണക്കിണറും നോഹയുടെ പെട്ടകവും അമ്യൂസ്മെന്റ് പാര്‍ക്കും കുട്ടികളുടെ വിവിധ വിനോദോപാധികളും ആഘോഷത്തിനായി എത്തിക്കഴിഞ്ഞു.
ഇന്നു രാവിലെ 11ന് ജൂബിലി കപ്പേളയില്‍ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. തുടര്‍ന്ന് നാരങ്ങാ, ഏലയ്ക്കാമാല സമര്‍പ്പണം നടക്കും. വൈകുന്നേരം കത്തീഡ്രല്‍, ളാലം പുത്തന്പള്ളികളില്നിന്നുള്ള പ്രദക്ഷിണങ്ങള്‍ കൊട്ടാരമറ്റം സാന്തോംകോംപ്ലക്സില് സംഗമിച്ച ശേഷം ജൂബിലി കപ്പേളയിലെത്തും. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ എട്ടിന് മരിയന്‍ റാലി. 10ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
വൈകുന്നേരം നാലിന് മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് ആയിരങ്ങള്‍ പങ്കെടുക്കുന്ന പട്ടണപ്രദക്ഷിണം പാലായുടെ വിശ്വാസപ്രഖ്യാപനമാണ്. രാവിലെ തിരുനാള്‍ കുര്‍ബാനയ്ക്കു ശേഷം പ്രധാന വീഥിയില്‍ സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും ജൂബിലി ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈബിള്‍ ടാബ്ലോ മത്സരവും അരങ്ങേറും.