കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളില്‍ മണ്ണു ദിനാചരണം
1376791
Friday, December 8, 2023 3:19 AM IST
കടുത്തുരുത്തി: മണ്ണാണു ജീവന്, മണ്ണിലാണു ജീവന് എന്ന സന്ദേശവുമായി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് മണ്ണുദിനാചരണം നടത്തി.
സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പ്രധാനാധ്യാപിക സുജ മേരി തോമസ് മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ മണ്ണ് കൈയില്‍ പിടിച്ചാണ് പ്രതിജ്ഞാവാചകം ഏറ്റുചൊല്ലിയത്.
മണ്ണിന്റെ സംരക്ഷണവും പ്രകൃതിയുടെ സംരക്ഷണവും വരുംതലമുറയുടെ അവകാശവും ഉത്തരവാദിത്വവുമാണെന്ന് മനസിലാക്കി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പ്രതിജ്ഞ ചൊല്ലാന്‍ കൈയിലെടുത്ത മണ്ണ് വിദ്യാര്‍ഥികള്‍ മണ്‍ചട്ടിയില്‍ നിക്ഷേപിച്ചു. മണ്‍ചട്ടിയില്‍ പച്ചക്കറി വിത്തുകള്‍ നട്ടുകൊണ്ട് അധ്യാപകന് മാത്യു ഫിലിപ് മണ്ണ് സംരക്ഷണ സന്ദേശം നല്കി. കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ അനില ബാബു വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.
സ്കൂളിലും വീട്ടിലുമായി വിദ്യാര്‍ഥികള്‍ പച്ചക്കറി കൃഷി ചെയ്യുകയും വിളവെടുക്കുമ്പോള്‍ സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍ സ്കൂളിലേക്ക് നല്‍കുകയും ചെയ്യും.