നവകേരള സദസ്: ഏറ്റുമാനൂരിൽ വിളംബരജാഥ നാളെ
1377333
Sunday, December 10, 2023 4:09 AM IST
ഏറ്റുമാനൂര്‍: നവകേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ പ്രൗഢഗംഭീര വിളംബരജാഥ 11ന് നടക്കും.
ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന വിളംബര ജാഥ ഏറ്റുമാനൂര്‍ നഗരം ചുറ്റി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂള്‍ മൈതാനത്ത് അവസാനിക്കും. ജാഥയില്‍ 1500 പേര് പങ്കെടുക്കും. ഫ്ളാഷ് മോബ്, വാദ്യമേളങ്ങള്‍, ബാന്‍ഡ് സെറ്റ് എന്നിവ ജാഥയ്ക്ക് അകമ്പടിയേകും.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഏറ്റുമാനൂരപ്പന് കോളജിലെ വിദ്യാര്‍ഥികളുടെ ഗാനമേള ജാഥയ്ക്കു മുമ്പായി ആവേശം തീര്‍ക്കും. ജാഥ സമാപിക്കുന്ന ബോയ്സ് ഹൈസ്കൂള്‍ മൈതാനത്ത് അമലഗിരി ബികെ കോളജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തിരുവാതിരകളിയും അരങ്ങേറും. എംജി സര്‍വകലാശാല വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ തുടങ്ങി ഏറ്റുമാനൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും റാലിയുടെ ഭാഗമാകും. കുടുംബശ്രീ, സിഡിഎസ്, ഹരിതകര്‍മ സേനാംഗങ്ങള്‍, സര്‍വീസ് സംഘടനാ ജീവനക്കാര്‍ എന്നിവരും പങ്കാളികളാകും.
നവകേരള ജ്യോതി തെളിക്കും
ഏറ്റുമാനൂര്‍: നവകേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ വീടുകളില്‍ ഇന്ന് രാത്രി എട്ടിന് നവകേരള ജ്യോതി തെളിയിച്ച് സദസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.