പുഞ്ചക്കൊയ്ത്ത് 80 ശതമാനം പൂര്‍ത്തിയായി
1543445
Thursday, April 17, 2025 11:45 PM IST
കോട്ടയം: ജില്ലയിലെ പാടങ്ങളില്‍ പുഞ്ചക്കൊയ്ത്ത് 80 ശതമാനം പൂര്‍ത്തിയായി. ഈ സീസണില്‍ ആകെ ഉത്പാദനം 50,748 മെട്രിക് ടണ്‍ പ്രതീക്ഷിക്കുന്നു. 22,889 മെട്രിക് ടണ്‍ സംഭരണം നടത്തി പിആര്‍എസ് നല്‍കിയതായി പാഡി ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 15 വരെ സംഭരിച്ച നെല്ലിന് പണം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ലഭിച്ചു. നിലവില്‍ 10 മില്ലുകളാണ് ജില്ലയില്‍ സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുന്നത്. മേയ് അവസാനം സംഭരണം പൂര്‍ത്തിയാകും.
കൊയ്ത്ത് പൂര്‍ത്തിയായ കല്ലറ മാലിക്കരിയില് കിഴിവ് തര്‍ക്കത്തെത്തുടര്‍ന്ന് 22 ദിവസമായി നെല്ല് പാടത്ത് കിടക്കുന്നു. 23 കിലോ കിഴിവാണ് മില്ലുകള്‍ ആവശ്യപ്പെടുന്നത്. ഇത്രയും കിഴിവ് അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. നാലു മില്ലുകാര്‍ എത്തിയെങ്കിലും നെല്ലെടുക്കാന്‍ തയാറാകുന്നില്ല.
ഈ നെല്ലിന് 14 ശതമാനം കറവലും 15 ശതമാനം പതിരുമുള്ളതിനാല് കിഴിവ് നല്‍കിയേ പറ്റൂ എന്ന നിലപാടിലാണ് മില്ലുകാര്‍. നാലു ലോഡ് നെല്ലാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. വൈക്കം, തലയാഴം, അയ്മനം, കുമരകം പ്രദേശങ്ങളില്‍ കൊയ്ത്ത് അവസാനഘട്ടത്തിലാണ്. ആലപ്പുഴ ജില്ലയില്‍ 83,500 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു.
ഇതിന് 210 കോടി രൂപ നല്‍കണം. ആലപ്പുഴയില്‍ 68 ശതമാനം കൊയ്ത്ത് പൂര്‍ത്തിയായി. 53 മില്ലുകാരാണ് സംഭരണത്തിനുള്ളത്.തകഴി, എടത്വ, പച്ച, ഈര, നീലംപേരൂര്‍ പ്രദേശങ്ങളില്‍ കൊയ്ത്ത് യന്ത്രമില്ലാതെ വന്നതോടെ കൊയ്ത്തും മെതിയും പ്രതിസന്ധിയിലാണ്. പലയിടങ്ങളിലും കൊയ്ത്ത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് കര്‍ഷകര്‍. നീലംപേരൂരില്‍ മെതിയന്ത്രം കിട്ടാതെ വന്ന കര്ഷകൻ കൊയ്ത നെല്ല് കത്തിച്ചുകളഞ്ഞു.