കാര്‍ ബസിലും ബൈക്കിലും ഇടിച്ച് നാലു പേര്‍ക്കു പരിക്ക്
1543664
Friday, April 18, 2025 6:56 AM IST
നീര്‍പ്പാറ: നിയന്ത്രണംവിട്ട കാര്‍ അന്തര്‍സംസ്ഥാന ബസിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു പരിക്ക്. കാറില്‍ യാത്ര ചെയ്തിരുന്ന നീണ്ടൂര്‍ പ്രാവട്ടം സ്വദേശി ഇടുക്കി എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ ബിജു (53), ഭാര്യ റാണി (50), ബസ് ഡ്രൈവര്‍ മഹേഷ് (40), ബൈക്ക് യാത്രികന് മാഞ്ഞൂര്‍ ചാമക്കാല പ്ലാപ്പറമ്പില്‍ സിബിന് ചാക്കോ (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പൊതിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തെള്ളകത്തെ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെയും ബസിന്റെയും മുന്‍വശം പൂര്‍ണമായി തകര്‍ന്നു.
തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ നീര്‍പ്പാറ അസീസ് മൗണ്ടിനു സമീപം കലുങ്കു ജംഗ്ഷനില്‍ ഇന്നലെ രാവിലെ പതിനൊന്നിനാണ് അപകടം. പാലക്കാട്ടുനിന്ന് ഏറ്റുമാനൂര്‍ നീണ്ടൂരിലേക്കു വരികയായിരുന്ന മഹീന്ദ്ര എസ്യുവി കാര്‍ അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസിലും ബൈക്കിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ബൈക്കിനെ മറികടന്നു വരുന്നതിനിടെ എതിര്‍ദിശയില്‍നിന്നു വന്ന ബസിലിടിച്ചശേഷം വെട്ടിത്തിരിഞ്ഞ് കാര്‍ പിന്നാലെയെത്തിയ ബൈക്കിലും ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
അപകടത്തില്‍പ്പെട്ട ബസ് വൈദ്യുതിത്തൂണില്‍ തട്ടിയാണ് നിന്നത്. പെട്ടന്ന് നിര്‍ത്തിയ ബസിന് പിന്നില്‍ എറണാകുളത്തേക്കു പോവുകയായിരുന്ന അധ്യാപികയും കുടുംബവും സഞ്ചരിച്ചിരുന്ന കാറും ഇടിച്ചു. ഈ കാറിനും തകരാര്‍ സംഭവിച്ചു. കോട്ടയത്തുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്. യാത്രക്കാരാരും ബസിലുണ്ടായിരുന്നില്ല.
പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് പ്രധാന റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും കടുത്തുരുത്തിയില്‍നിന്നുള്ള ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.