പെസഹ ആചരണത്തിലൂടെ ഈശോ കാട്ടിത്തന്നത് യഥാര്‍ഥ ക്രൈസ്തവസാക്ഷ്യം: മാര്‍ തോമസ് തറയില്‍
1543673
Friday, April 18, 2025 7:04 AM IST
ചങ്ങനാശേരി: ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി തിരുവത്താഴം വിളമ്പിയതിലൂടെ വിനയത്തിന്റെയും യഥാര്‍ഥ ക്രൈസ്തവ ജീവിതത്തിന്റെയും മാതൃകയാണ് ഈശോ കാട്ടിയതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ പെസഹാ ശുശ്രൂഷാമധ്യേ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. അടിമത്തത്തില്‍നിന്നും പാപത്തില്‍നിന്നുമുള്ള വിമോചനമാണ് പെസഹ ഓര്‍മിപ്പിക്കുന്നത്. പെസഹാദിനത്തില്‍ എല്ലാ വൈദികരെയും ഓര്ക്കുന്നതിെനാപ്പം പൗരോഹിത്യമെന്ന മഹത്തായ ശുശ്രൂഷയുടെ പവിത്രത സ്മരിക്കാനുള്ള അവസരവുമാണ്.
പാപങ്ങളുടെ മോചനവും ആത്മാക്കളുടെ രക്ഷയുമാണ് പെസഹാ ഉടമ്പടിയിലൂടെ ഈശോ ലോകത്തിനു സമ്മാനിച്ചതെന്നും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അടയാളപ്പെടുത്തലാണ് ഉടമ്പടിയുടെ കാതലെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
മുതലെടുപ്പിനുവേണ്ടി രാഷ്ട്രീയ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി മനുഷ്യരെയും സമുദായങ്ങളെയും എതിര്ചേരിയിലാക്കാനും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാനും വെമ്പല്‍കൊള്ളുന്ന ഈ കാലഘട്ടത്തില്‍ ക്രൈസ്തവര്‍ ആത്മീയമായ ബോധ്യങ്ങളില്‍ ആഴപ്പെട്ട് വിശ്വാസത്തിലധിഷ്ഠിതമായി ജീവിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും മാര്‍ തോമസ് തറയില്‍ ഉദ്ബോധിപ്പിച്ചു.