ജനറല്‍ ആശുപത്രിയില്‍ മരുന്നുക്ഷാമം
1543690
Sunday, April 20, 2025 12:04 AM IST
പാലാ: ജനറല്‍ ആശുപത്രിയിൽ മരുന്നുക്ഷാമമെന്ന് പരാതി. ചെറിയ മുറിവുകള്‍ വച്ചുകെട്ടാനാവശ്യമായ മരുന്നുകള്‍പോലും പുറത്തുനിന്നു വാങ്ങിനല്‍കാനാണ് ആവശ്യപ്പെടുന്നതെന്ന് രോഗികളും ബന്ധുക്കളും പരാതിപ്പെടുന്നു.
നിസാര കാര്യങ്ങള്‍ക്ക് വരുന്നവരെപോലും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഹ്യൂമന്‍ റൈറ്റ്സ് ഫോറം പറയുന്നു. സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടതും മതിയായ ഡോക്ടര്‍മാരില്ലാത്തതും മരുന്നുകളുടെ ക്ഷാമവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ആശുപതി വികസനസമിതി നോക്കുകുത്തിയായി നില്‍ക്കുയാണെന്നും ആക്ഷേപമുണ്ട്.
പാലാ ജനറല്‍ ആശുപത്രിയിലെ ഇത്തരം അവസ്ഥകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് ഹ്യൂമന്‍ റൈറ്റ്സ് ഫോറം ജില്ലാ പ്രസിഡന്റ് വി.സി. പ്രിന്‍സ് തയ്യില്‍, ഭാരവാഹികളായ ഒ.എ. ഹാരിസ്, ജോയി കളരിക്കല്‍, തോമസ് കുര്യാക്കോസ്, സിബി മാത്യു, ഇ.കെ. ഹനീഫ, വി.ടി. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നൽകി.