മാറ്റത്തിനൊരുങ്ങി തിരുവാതുക്കല്‍ കവല
1543972
Sunday, April 20, 2025 6:22 AM IST
കോട്ടയം: അനിവാര്യമായ മാറ്റത്തിനൊരുങ്ങി തിരുവാതുക്കൽ കവല. കോട്ടയം നഗരത്തോടു ചേര്‍ന്നു നാലു പ്രധാന റോഡുകള്‍ ചേരുന്ന തിരുവാതുക്കല്‍ കവലയുടെ നവീകരണം ദ്രുതഗതിയില്‍ മുന്നേറുന്നു.
നവീകരണത്തിന്റെ ആദ്യ പടിയായുള്ള കലുങ്കുപണി ആരംഭിച്ചു കഴിഞ്ഞു. കലുങ്കുകളുടെ നിര്‍മാണം പൂര്‍ത്തിയാകാന്‍ 20 ദിവസം കൂടി വേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. നാലു റോഡുകള്‍ കൂടിച്ചേരുന്ന കവല വികസനമില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കവലയ്ക്കു താത്കാലിക ആശ്വാസമാകും.
നഗരത്തിനു സമീപം ഏറ്റവും തിരക്കുള്ള കവലകളിലൊന്നാണു തിരുവാതുക്കല്‍. പ്രതിദിനം 30 സ്വകാര്യ ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. കാരാപ്പുഴ-തിരുവാതുക്കല്‍, പുത്തനങ്ങാടി-തിരുവാതുക്കല്‍, തിരുവാതുക്കല്‍-ഇല്ലിക്കല്‍, തിരുവാതുക്കല്‍-പുളിനാക്കല്‍ (പാറേച്ചാല്‍ ബൈപാസ്) എന്നീ റോഡുകളാണ് ഇവിടെ സംഗമിക്കുന്നത്.
നിര്‍മാണങ്ങളുടെ ഭാഗമായി തിരുവാതുക്കല്‍ കവലയില്‍നിന്നു ഭീമന് പടി, മാളികപ്പീടിക, കാരാപ്പുഴ പാലം, തെക്കുംഗോപുരം വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഇരുചക്ര വാഹനങ്ങള്‍ കടത്തിവിടാനാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
കലുങ്കുപണിയോടൊപ്പം ഓടയുടെ നവീകരണവും നടക്കുന്നുണ്ട്. ഇതിനു ശേഷം കവല മണ്ണിട്ട് ഉയര്‍ത്തും. വൈദ്യുതി - പൈപ്പ് ലൈനുകളും മറ്റും മാറ്റി സ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നതിനാലാണു നിര്‍മാണം നീണ്ടുപോകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.