ആലപ്പി അഷറഫ്, ഹസീബ് ഹനീഫ, ജയറാം
നടി ഉഷ ഹസീനയുടെ സഹോദരനും നിർമാതാവുമായ ഹസീബ് ഹനീഫയുടെ തകർച്ചയ്ക്ക് കാരണമായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആലപ്പി അഷറഫ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അഷറഫ് ഈ തുറന്നുപറിച്ചിൽ നടത്തിയത്.
ഹസീബിന്റെ സാമ്പത്തിക തകർച്ചയ്ക്കും ഗുരുതരമായ ആരോഗ്യപ്രതിസന്ധിക്കും കാരണം നടൻ ജയറാം നൽകിയ വാഗ്ദാന ലംഘനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജയറാമിന്റെ മകന്റെ സിനിമ ഏറ്റെടുത്തതിലൂടെ 10 കോടിയോളം രൂപയുടെ കടബാധ്യത വന്ന് ജപ്തിയുടെ വക്കിലെത്തിയ ഹസീബിനെ സഹായിക്കാൻ താരം തയാറായില്ലെന്നും തുടർന്നുണ്ടായ മാനസികാഘാതത്തിൽ പക്ഷാഘാതം പിടിപെട്ട ഹസീബിന്റെ ചികിത്സാച്ചുമതലകൾ ഏറ്റെടുത്തത് മമ്മൂട്ടിയും ആന്റോ ജോസഫും ബാദുഷയും ചേർന്നാണെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.
‘‘ജീവിതത്തിൽ നമുക്ക് വിശ്വസിക്കാവുന്നത് കണ്ണാടിയെയും നിഴലിനെയും മാത്രമാണ്. കാരണം കണ്ണാടി കള്ളം പറയില്ല, നിഴലാകട്ടെ പിണങ്ങിപ്പോവുകയുമില്ല. കൊടുക്കുവാനില്ലെങ്കിൽ നമ്മുടെ കൈകൾ പിടിക്കുവാൻ മറ്റുള്ളവർ മടിക്കും; എന്നാൽ എടുക്കുവാൻ എന്തെങ്കിലും ഉണ്ടെങ്കിലോ ആ കൈകളെ പുണരുവാൻ ആളുകൾ മത്സരമായിരിക്കും. നടൻ ജയറാമിന്റെ ഭാഗത്തുനിന്നുണ്ടായ ചില ചതികളും, അതെക്കുറിച്ച് നടി ഉഷയുടെ ചില വെളിപ്പെടുത്തലുകളും, അതിന് ഇരയായ നിർമാതാവ് ഹസീബിന്റെ ഇന്നത്തെ അവസ്ഥയുമാണ് ഈ എപ്പിസോഡ്.
നിലപാടുകൊണ്ടും ശക്തമായ പ്രതികരണശേഷികൊണ്ടും ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഒന്നാകെ നിറഞ്ഞുനിൽക്കുന്ന നടിയാണ് ഉഷാ ഹസീന. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രശസ്ത സംവിധായകനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്യിച്ച് അഴിക്കുള്ളിലാക്കിയ ആദ്യത്തെ ചലച്ചിത്ര നടി കൂടിയാണിവർ.
ഇത് പലർക്കും അറിയാത്ത ഒരു ചരിത്രസത്യവുമാണ്. ഹസീന എന്ന നടി മൂന്ന് നാമധേയങ്ങളിലാണ് അറിയപ്പെടുന്നത്, ഹസീന എന്ന പേര് കൂടാതെ ഉഷ എന്നും, ഇപ്പോൾ ഉഷ ഹസീന എന്നും അവർ അറിയപ്പെടുന്നു. ഉഷയുടെ പിതാവ് ഹനീഫ് ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.
ഒപ്പം കഴിവുറ്റ ഒരു കലാകാരനുമായിരുന്നു അദ്ദേഹം. നല്ലൊരു തബലിസ്റ്റായിരുന്ന അദ്ദേഹം അന്തരിച്ച പ്രശസ്ത കാഥികൻ വി. സാംബശിവന്റെ കഥാപ്രസംഗവേദികളിൽ തബല വായിച്ചിട്ടുണ്ട്. ചില ആൽബങ്ങൾക്കും കാസറ്റുകൾക്കും വേണ്ടി അദ്ദേഹം സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഞാനും അദ്ദേഹവുമായി നാട്ടുകാരൻ എന്നതിലുപരി നല്ലൊരു സുഹൃദ്ബന്ധം പുലർത്തിയിരുന്നു.
ഉഷയുടെ പിതാവിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു പഴയകാല പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ലത്തീഫ്ക്ക. ശരിക്കും ആലപ്പുഴയിലെ ആദ്യത്തെ നടനായിരുന്നു അദ്ദേഹം. 1956-ൽ പുറത്തിറങ്ങിയ രാരിച്ചൻ എന്ന പൗരൻ എന്ന സിനിമയിലെ ടൈറ്റിൽ റോളിൽ രാരിച്ചനായി അഭിനയിച്ചത് ലത്തീഫ്ക്കയായിരുന്നു. ലത്തീഫ്ക്കയുമായുള്ള അടുപ്പവും സൗഹൃദവുമാണ് ഹസീനയ്ക്ക് സിനിമയിലേക്ക് എത്തിപ്പെടാനുള്ള വഴിയൊരുക്കിയത്. കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഹസീനയെ ലത്തീഫ്ക്ക സംവിധായകൻ ബാലചന്ദ്രമേനോന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോയി.
അന്ന് ഉഷയ്ക്ക് തീരെ പ്രായം തോന്നാത്തതുകൊണ്ട് "ഒരു രണ്ടു വർഷം കഴിഞ്ഞ് എന്നെ വന്ന് കാണൂ" എന്ന് മേനോൻ പറഞ്ഞു. രണ്ടു വർഷം കഴിഞ്ഞപ്പോൾ കോളജ് യുവജനോത്സവത്തിൽ നാടോടിനൃത്തത്തിൽ പങ്കെടുത്ത ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിന്റെ പേരിൽ ഉഷ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പത്രങ്ങളിലെല്ലാം ഹസീനയുടെ ചിത്രം അച്ചടിച്ചുവന്നപ്പോൾ അത് ശ്രദ്ധയിൽപ്പെട്ട ബാലചന്ദ്രമേനോൻ ലത്തീഫ്ക്കയെ വിളിച്ചു. നേരത്തെ അവസരത്തിനായി തന്റെ അടുത്ത് കൊണ്ടുവന്ന പെൺകുട്ടിയല്ലേ ഇതെന്ന് ഉറപ്പുവരുത്തിയ ശേഷം, അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ 'കണ്ടതും കേട്ടതും' എന്ന സിനിമയിൽ ഹസീനയെ നായികയായി തീരുമാനിച്ചു.
ആ ചിത്രത്തിനുവേണ്ടി ബാലചന്ദ്രമേനോൻ നൽകിയ പേരാണ് ഉഷ. അക്കാലത്ത് ബാലചന്ദ്രമേനോന്റെ മറ്റു ചിത്രങ്ങളെപ്പോലെ ഈ ചിത്രത്തിന് വലിയ വിജയം കൈവരിക്കാനായില്ലെങ്കിലും, ഉഷ എന്ന നടി ആ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
അന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഉഷയുടെ പിതാവ് ജോലി നോക്കിയിരുന്നത്. 'കണ്ടതും കേട്ടതും' എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഉഷയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്മാരെല്ലാം ചേർന്ന് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഒരു സ്വീകരണം ഒരുക്കിയത് ഞാൻ ഇന്നും ഓർക്കുന്നു.
തുടർന്ന് പ്രാധാന്യമുള്ള പല വേഷങ്ങളിലും ചിത്രങ്ങളിലും അവർ അഭിനയിച്ചു. ഇതിനിടയിൽ എപ്പോഴോ, പല ചെറുപ്പക്കാരികളെയും പോലെ ഉഷയുടെ മനസ്സിലും ഒരു പ്രണയം മൊട്ടിട്ടു. പ്രശസ്ത സംവിധായകനായ സുരേഷ് ബാബുവുമായിട്ടായിരുന്നു ഉഷയുടെ പ്രണയം. 'കോട്ടയം കുഞ്ഞച്ചൻ', 'കിഴക്കൻ പത്രോസ്' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർത്തുകൊണ്ടുള്ള ആ പ്രണയവും വിവാഹവുമെല്ലാം അന്ന് വലിയ വാർത്തയായിരുന്നു. ഇരു കുടുംബക്കാരുടെയും കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ടാണ് അവർ വിവാഹിതരായത്. എന്നാൽ കാലക്രമേണ കുടുംബക്കാരുടെ കടുംപിടുത്തമൊക്കെ മാറി അല്പമൊന്ന് അയഞ്ഞപ്പോഴേക്കും ദമ്പതിമാർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു.
അവർ മെല്ലെ അകലാൻ തുടങ്ങി; അത് പിന്നീട് ഗാർഹിക പീഡനക്കേസാവുകയും ഒടുവിൽ സുരേഷ് ബാബുവിന്റെ അറസ്റ്റിൽ കലാശിക്കുകയുമാണുണ്ടായത്. അങ്ങനെ ഒത്തുപോകാൻ സാധിക്കാത്തവിധം മാനസികമായി അകന്ന് അവർ വിവാഹമോചനത്തിലെത്തി.
ഇത് തികച്ചും ഉഷയുടെയും സുരേഷ് ബാബുവിന്റെയും സ്വകാര്യ ജീവിതത്തിലെ പ്രശ്നമാണെങ്കിലും ഞാൻ ഇതിവിടെ ഇപ്പോൾ പറയാൻ കാരണം മറ്റൊന്നാണ്. നടി ലക്ഷ്മിപ്രിയ, ഉഷ രണ്ടാമത് വിവാഹം കഴിച്ചത് എന്തോ വലിയ അപരാധവും കൊടിയ പാപവുമാണെന്ന രീതിയിൽ ചിത്രീകരിച്ച് അവരെ അപമാനിക്കാൻ ശ്രമിച്ചിരുന്നില്ലേ?
മാനസികമായി അകന്ന്, പരസ്പരം കലഹിച്ചുകൊണ്ട് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ഒരു കൂടാരത്തിനുള്ളിൽ ജീവിതം ഹോമിച്ചുതീർക്കാത്തതാണോ ഉഷയും സുരേഷ് ബാബുവും ചെയ്ത തെറ്റ്? ലക്ഷ്മിപ്രിയയ്ക്ക് ഉഷയുടെ പേരിൽ മറ്റൊന്നും കണ്ടുപിടിക്കാനില്ല എന്ന് തോന്നിയപ്പോൾ, ഈ വിഷയം പറഞ്ഞ് അവരുടെ ഇമേജ് തകർക്കാമെന്നാണ് കരുതിയതെങ്കിൽ ഒന്ന് മനസിലാക്കുക.
ആദ്യ വിവാഹബന്ധം വേർപെടുത്തി രണ്ടാം വിവാഹം കഴിച്ച് ജീവിക്കുന്ന ആദ്യത്തെ വനിതയല്ല ഉഷ. മാത്രമല്ല, ഉഷയും സുരേഷ് ബാബുവും പുനർവിവാഹം കഴിച്ച് ഇപ്പോൾ രണ്ടുപേരും അവരവരുടെ കുടുംബജീവിതത്തിൽ സന്തോഷത്തോടെ കഴിയുന്നവരാണ്; അവർ തമ്മിൽ ഇപ്പോൾ നല്ലൊരു സൗഹൃദബന്ധം പുലർത്തുന്നുമുണ്ട്.
കുടുംബജീവിതത്തിലുണ്ടായ താളപ്പിഴകളും ഉലച്ചിലുകളും കാരണം കുറേനാൾ ഉഷയ്ക്ക് സിനിമയിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ആ സമയത്താണ് മോഹൻലാലിന്റെ ഒരു ഗൾഫ് ഷോയിൽ ഉഷയെക്കൂടി ഉൾപ്പെടുത്തണമെന്ന് ഞാൻ ലാലിനോട് അഭ്യർത്ഥിക്കുന്നത്.
അങ്ങനെ ആ ഷോയിൽ പങ്കെടുത്ത ഉഷ അവതരിപ്പിച്ച 'ഉപ്പൻ' എന്ന കഥാപാത്രം ഗംഭീര വിജയമായി മാറി. തുടർന്ന് മോഹൻലാലിന്റെ 'മിഥുനം' എന്ന ചിത്രത്തിൽ അവർക്ക് അവസരം ലഭിച്ചു. എന്തൊക്കെ പറഞ്ഞാലും, 'കിരീടം', 'ചെങ്കോൽ' എന്നീ ചിത്രങ്ങളിലെ സേതുമാധവന്റെ സഹോദരിയെ ആർക്കാണ് മറക്കാൻ കഴിയുക? ആ കഥാപാത്രത്തിന് ജീവൻ നൽകി അനശ്വരമാക്കിയത് ഉഷയാണ്. സിനിമയിലാണെങ്കിലും സീരിയലിലാണെങ്കിലും ഡാൻസിലും പാട്ടിലുമെല്ലാം ഒരേപോലെ കഴിവ് തെളിയിച്ച, നല്ല റേഞ്ചുള്ള ഒരു കലാകാരിയാണ് അവർ; ഇന്നും തിരക്കുള്ള ഒരു നടിയാണ്.
ഉഷയ്ക്ക് രണ്ട് സഹോദരന്മാരാണുള്ളത്. രണ്ടുപേരും സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അനുജൻ ഹസീബ് അറിയപ്പെടുന്ന ഒരു നിർമാതാവാണ്. കലാഭവൻ മണി നായകനായ 'മാണിക്യൻ', പൃഥ്വിരാജ് നായകനായ 'വർഗം', ഉണ്ണിമുകുന്ദന്റെ 'പാതിരാമണൽ', ഫഹദ് ഫാസിലിന്റെ 'ഗോഡ്സ് ഓൺ കൺട്രി', ജയറാമിന്റെ 'ആടുപുലിയാട്ടം', 'ഗ്രാൻഡ്ഫാദർ', മമ്മൂട്ടിയുടെ 'ഉട്ടോപ്യയിലെ രാജാവ്', കുഞ്ചാക്കോ ബോബന്റെ 'കുട്ടനാടൻ മാർപാപ്പ', ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായ 'ഹാപ്പി സർദാർ' എന്നിവയെല്ലാം ഹസീബ് നിർമിച്ച ചിത്രങ്ങളാണ്.
എന്നാൽ ഹാപ്പി സർദാർ എന്ന ചിത്രത്തോടെ ഹസീബിന്റെ സിനിമാ നിർമാണ പ്രവർത്തനങ്ങൾക്ക് എന്നെന്നേക്കുമായി തിരശീല വീണു; ഒപ്പം അദ്ദേഹത്തിന്റെ മാനസിക, ശാരീരിക, സാമ്പത്തിക സ്ഥിതിയും തകർന്നടിഞ്ഞു. ഈയൊരു അവസ്ഥയിലേക്ക് ഹസീബിനെ എത്തിച്ച സംഭവങ്ങളെക്കുറിച്ച് സഹോദരിയായ ഉഷ സോഷ്യൽ മീഡിയയിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തുകയുണ്ടായി.
ഒന്നുമില്ലായ്മയിൽനിന്ന് സിനിമയിലെത്തി, കഠിനാധ്വാനത്തിലൂടെ സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പടുത്ത ആളായിരുന്നു ഹസീബ്. സിനിമാ നിർമാണം കൂടാതെ മറ്റുള്ളവർക്ക് ഫൈനാൻസ് അറേഞ്ച് ചെയ്തു കൊടുക്കലും സാറ്റലൈറ്റ് അവകാശം വാങ്ങിക്കൊടുക്കലുമൊക്കെയായി സിനിമയിൽ അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു.
ആലപ്പുഴയിൽ അത്യാധുനികമായ ഒരു ഭവനവും ആഡംബര വാഹനങ്ങളും ഗോൾഡ് ഷോപ്പുമൊക്കെയായി രാജകീയമായി വാഴുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു ഇരുട്ടടി അദ്ദേഹത്തിന് ഏൽക്കുന്നത്. ഒരു നിർമാതാവ് പണം മുടക്കിയ ശേഷം പകുതിക്ക് വച്ച് ഉപേക്ഷിച്ചുപോയ ഒരു പ്രോജക്റ്റ് ഏറ്റെടുക്കാൻ ഹസീബ് നിർബന്ധിതനായി. അതുവരെ വലിയ താരമൂല്യമുള്ള ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന ഹസീബ്, ആദ്യമായി പുതുമുഖ സംവിധായകരുടെ ഒരു ചിത്രം ഏറ്റെടുത്തു. കാളിദാസ് ജയറാം നായകനായ 'ഹാപ്പി സർദാർ' ആയിരുന്നു ആ ചിത്രം.
ഞാൻ ഹസീബിനോട് ചോദിച്ചു, എല്ലാം ബിസിനസ് കണ്ണോടെ മാത്രം നോക്കുന്ന നീ എന്തിനാണ് ഈ പടം ഏറ്റെടുത്തതെന്ന്. അതിന് ഹസീബ് പറഞ്ഞ മറുപടി ജയറാമിന്റെ മേലുള്ള വിശ്വാസമായിരുന്നു. ‘എന്റെ മകന്റെ പടം ഹസീബ് ഏറ്റെടുക്കണം, എന്ത് സംഭവിച്ചാലും ഞാൻ ഒപ്പമുണ്ടാകും, എന്തുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം’ എന്ന് ജയറാം നൽകിയ ഉറപ്പായിരുന്നു ആ വിശ്വാസം. പലരും ഹസീബിനെ വിളിച്ച് ഇതിൽ ചെന്ന് തലവയ്ക്കരുതെന്ന് വിലക്കിയെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. അങ്ങനെ കോടികൾ വാരിയെറിഞ്ഞ് പഞ്ചാബ്, ഹരിയാന, ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായി ഷൂട്ടിങ് പൊടിപൊടിച്ചു.
പണം തികയാതെ വന്നപ്പോൾ മാർവാടികളുടെ കയ്യിൽനിന്ന് വട്ടിപ്പലിശയ്ക്ക് ഫൈനാൻസ് എടുത്തു. അങ്ങനെ നാലിടങ്ങളിൽനിന്നാണ് പണം കടം വാങ്ങിയത്. ഒടുവിൽ വലിയ ആഘോഷത്തോടെ റിലീസ് ചെയ്ത പടം എട്ടുനിലയിൽ പൊട്ടി; പോസ്റ്റർ ഒട്ടിച്ച പണം പോലും തിരികെ ലഭിച്ചില്ല. ആ മാനസികാഘാതത്തിൽ ഹസീബും തകർന്നുപോയി. ഏതാണ്ട് 10 കോടി രൂപയോളമാണ് ഈ ഒറ്റച്ചിത്രം കാരണം അദ്ദേഹത്തിന് ബാധ്യത വന്നത്. കടം കയറി തകർന്ന ഒരു നിർമാതാവിന് പിന്നീട് ആരാണ് ഡേറ്റ് കൊടുക്കുക?
തന്റെ കഷ്ടപ്പാടിൽ ഹസീബ് ഏറെ പ്രതീക്ഷയോടെ ജയറാമിനെ സമീപിച്ചു. 'ആടുപുലിയാട്ടം' എന്ന ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളത്തെയും കൂട്ടിയാണ് ഹസീബ് പോയത്. അതിന്റെ രണ്ടാം ഭാഗത്തിനുള്ള കഥ റെഡിയാണെന്നും ഡേറ്റ് നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, ‘ഡേറ്റിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരും’ എന്ന അഴകുഴമ്പൻ മറുപടിയാണ് ജയറാം നൽകിയത്. അക്കാലത്ത് ജയറാമിന് വലിയ തിരക്കുകളോ പടങ്ങളോ ഉണ്ടായിരുന്നില്ല. പണമില്ലാത്ത തന്നെ ഒഴിവാക്കാനാണ് ജയറാം അങ്ങനെ പറഞ്ഞതെന്ന് ഹസീബിന് മനസ്സിലായി. സ്വന്തം മകന്റെ കാര്യത്തിനുവേണ്ടി പറഞ്ഞ വാക്കുകളെല്ലാം ജയറാം അപ്പാടെ വിഴുങ്ങി. തകർന്നിരിക്കുന്ന ഹസീബിന് ജയറാം അയച്ച വോയ്സ് മെസ്സേജ് ഇങ്ങനെയായിരുന്നു: ‘എല്ലാം നല്ലതിനാണ്, ഇതും നല്ലതിനാണ് എന്ന് കരുതുക, ദൈവം സഹായിക്കും, ഞാൻ പ്രാർഥിക്കാം.’ അവിടെയും ജയറാം വാക്ക് പാലിച്ചില്ല, കടക്കാർ വന്ന് ഹസീബിനെ വരിഞ്ഞുമുറുക്കി; അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം ജപ്തിയുടെ വക്കിലെത്തി.
ഹസീബ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരിക്കൽ വേദനയോടെ അദ്ദേഹം എന്നോട് പറഞ്ഞു: ‘‘ഗോകുലം ഗോപാലേട്ടന്റെ കയ്യിൽനിന്ന് വാങ്ങിയ ഫൈനാൻസിന്റെ മുതൽ ഞാൻ എങ്ങനെയെങ്കിലും കൊടുക്കാം, അതിന്റെ പലിശയൊന്ന് ഒഴിവാക്കിത്തരാൻ ജയറാമേട്ടനോട് ഒന്ന് പറയാമോ? ജയറാം പറഞ്ഞാൽ ഗോപാലേട്ടൻ കേൾക്കും.’ ജയറാം അത് ഏറ്റെങ്കിലും പിന്നീട് ചെയ്തുതന്നില്ല. ഞാൻ അപ്പോൾ ഹസീബിനോട് പറഞ്ഞു: ‘‘ഞാൻ ജയറാമിനെ കുറ്റം പറയില്ല, കാരണം ഞാൻ ഉൾപ്പെടെ എല്ലാവരും നിന്നെ വിലക്കിയതല്ലേ ആ പടം ചെയ്യരുതെന്ന്. നീ കേൾക്കാതെ ക്ഷണിച്ച് വരുത്തിയ വിധിയാണിത്.’’
ഹസീബിന്റെ അനുജൻ ഹനീസ് 20 വർഷത്തിലേറെയായി പല പ്രമുഖ സംവിധായകരുടെയും കൂടെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്ന മിടുക്കനായ ടെക്നീഷ്യനാണ്. അവനെ ഒരു സ്വതന്ത്ര സംവിധായകനാക്കണമെന്നത് ജ്യേഷ്ഠനായ ഹസീബിന്റെ വലിയ ആഗ്രഹമായിരുന്നു. ഞാൻ പലവട്ടം പറഞ്ഞിട്ടും സ്വന്തം അനുജന് വേണ്ടി ഒരു പടം ചെയ്യാൻ ഹസീബിന് സാധിച്ചില്ല; അവിടെയാണ് ജയറാമിന്റെ മകന് വേണ്ടി സർവതും ചെയ്തുകൊടുത്ത് അദ്ദേഹം തകർന്നത് എന്ന് ഓർക്കണം.
കടുത്ത മാനസികാഘാതം മൂലം പക്ഷാഘാതം പിടിപെട്ട് 30 ദിവസത്തോളമാണ് ഹസീബ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്നത്. എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ ഒരേസമയം രണ്ട് മേജർ ഓപ്പറേഷനുകൾക്ക് അദ്ദേഹം വിധേയനായി. അന്ന് നടൻ മമ്മൂട്ടിയാണ് ഡോക്ടർമാരെ വിളിച്ച് ഹസീബിന്റെ ജീവൻ രക്ഷിക്കാനുള്ള അടിയന്തര ഇടപെടലുകൾ നടത്തിയത്.
ഒടുവിൽ പതിനൊന്നര ലക്ഷം രൂപയുടെ ഹോസ്പിറ്റൽ ബില്ല് സെറ്റിൽ ചെയ്തത് നിർമാതാക്കളായ ബാദുഷയും ആന്റോ ജോസഫും ചേർന്നാണ്. ഇത്രയും ഗുരുതരമായ അവസ്ഥയിലൂടെ ഹസീബ് കടന്നുപോയിട്ടും, ഇതിനെല്ലാം കാരണക്കാരനായ വ്യക്തി ഇതൊന്നും അറിഞ്ഞതുമില്ല, ആ വഴിക്ക് വന്നതുമില്ല.
തന്റെ സഹോദരന്റെ ഈ അവസ്ഥ കണ്ടും കേട്ടും സഹികെട്ടപ്പോഴാണ് സഹോദരിയായ ഉഷാ ഹസീന കാര്യങ്ങൾ തുറന്നുപറഞ്ഞ് ജയറാമിനെതിരെ പ്രതികരിച്ചത്. ഉഷ അങ്ങനെയാണ്, പ്രതികരിക്കേണ്ടിടത്ത് അവർ പ്രതികരിക്കും. അവിടെ വലിപ്പച്ചെറുപ്പമോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ അവർ നോക്കാറില്ല. അതുകൊണ്ടുതന്നെ ഉഷയ്ക്ക് ശത്രുക്കളും കൂടുതലാണ്. അവരിന്ന് പലരുടെയും കണ്ണിലെ കരടും പേടിസ്വപ്നവുമാണ്. സത്യസന്ധമായ കാര്യങ്ങൾക്ക് വേണ്ടി ഉഷ നടത്തുന്ന ഈ പോരാട്ടങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിച്ചുകൊണ്ട് ഞാൻ നിർത്തുന്നു.’’
Tags : Kalidas Jayaram Jayaram Alleppey Ashraf