ജയം രവി.
തെന്നിന്ത്യൻ താരം രവി മോഹൻ (ജയം രവി) വ്യക്തിപരമായ കാരണങ്ങളാൽ സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. സിനിമയിൽനിന്നു മാത്രമല്ല, പൊതുവേദികളിൽനിന്നുപോലും താരം മാറിനിന്നു. എന്നാൽ, കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ജെഎഫ്ഡബ്ല്യു പുരസ്കാര ചടങ്ങിൽ സിനിമയിൽനിന്നു വിട്ടുനിന്നതിൽ ആരാധകരോട് പരസ്യമായി മാപ്പ് ചോദിച്ചിരിക്കുകയാണ് താരം. വേദിയിൽ ഏറെ വികാരാധീനനായാണ് താരം സംസാരിച്ചത്. സിനിമയിൽനിന്ന് താത്കാലികമായി വിട്ടുനിൽക്കുമെന്ന തന്റെ മുൻ പ്രഖ്യാപനം തിരുത്തുകയാണെന്നും ശക്തമായി കാമറയുടെ മുന്നിലേക്കു തിരിച്ചെത്തുമെന്നും ജയം രവി വ്യക്തമാക്കി.
തന്റെ ജീവിതത്തിന്റെ പകുതിയും സിനിമയ്ക്കായി മാറ്റിവച്ചു. കുറച്ചുകാലമായി തുടരുന്ന വിവാഹമോചനക്കേസുകളും വ്യക്തിപരമായ പ്രതിസന്ധികളും കാരണം മാനസികമായി ഏറെ തളർന്ന ഘട്ടത്തിലാണ് സിനിമയിൽനിന്നു മാറിനിൽക്കാൻ താൻ തീരുമാനിച്ചത്. എന്നാൽ, ആ വൈകാരിക തീരുമാനം തന്നെ സ്നേഹിക്കുന്ന ഒട്ടേറെപ്പേരെ വേദനിപ്പിച്ചെന്നും അതിൽ തനിക്കു വലിയ ഖേദമുണ്ടെന്നും താരം തുറന്നുപറഞ്ഞു:
ഇന്നു നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ ഞാൻ മുട്ടുകുത്തി മാപ്പ് ചോദിക്കുന്നു. സിനിമയെയോ, നിങ്ങളെയോ, എന്നെ സ്നേഹിക്കുന്ന ആരാധകരെയോ ഞാൻ ഇനി ഒരിക്കലും ചതിക്കില്ലെന്ന് ഞാൻ വാക്ക് നൽകുന്നു. ഞാൻ തീർച്ചയായും തിരിച്ചുവരും, യഥാർഥത്തിൽ ഞാൻ തിരിച്ചുവന്നുകഴിഞ്ഞു- ജയം രവി പറഞ്ഞു.
താൻ സിനിമ പൂർണമായി ഉപേക്ഷിക്കാൻ ആഗ്രഹിച്ച നിമിഷത്തിൽ കൂടെനിന്നത് സിനിമാ മേഖലയിലെ സഹപ്രവർത്തകരും ആരാധകരുമാണെന്ന് താരം വെളിപ്പെടുത്തി. സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിന്റെ ഭാഗമായി വലിയ പ്രോജക്റ്റുകളാണ് രവി മോഹന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന ആൻ ഓർഡിനറി മാൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.
Tags : Entertainment Movies RaviMohan Kollywood