സിനിമാലോകവും രാഷ്ട്രീയ കേന്ദ്രങ്ങളും ഒരുപോലെ ഉറ്റുനോക്കിയ 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കഴിഞ്ഞ ഫെബ്രുവരി 27-നാണ് പ്രദർശനത്തിനെത്തിയത്. റിലീസിന് മുൻപ് തന്നെ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന ഈ ചിത്രം ഇപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.
ചിത്രത്തിന്‍റെ പ്രമേയവും ശീർഷകവും സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്ത നടി അദിതി ഭാട്ടിയ തന്‍റെ അനുഭവങ്ങളും നിലപാടുകളും പങ്കുവെച്ചു.
സിനിമയെ കേവലം ഒരു വിനോദോപാധിയായി കാണാനാവില്ലെന്നും അത് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിടുമെന്നും തനിക്ക് നേരത്തെ ബോധ്യമുണ്ടായിരുന്നുവെന്ന് അദിതി പറയുന്നു. പുറത്തുനിന്നുള്ള പ്രതികൂലമായ സംസാരങ്ങൾ തന്‍റെ അഭിനയത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഒരു നടി എന്ന നിലയിൽ തന്‍റെ കഥാപാത്രത്തോട് പൂർണമായ സത്യസന്ധത പുലർത്തുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം.
ജനങ്ങൾ സിനിമയെ എങ്ങനെ സ്വീകരിക്കുന്നു എന്നത് ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടാണെന്നും എന്നാൽ താൻ, ചെയ്ത ജോലിയുടെ ലക്ഷ്യശുദ്ധിയിൽ വിശ്വസിക്കുന്നുവെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഏതു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും അത് ആത്മാർഥതയോടെ ചെയ്താൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം മൂന്ന് യുവതികളുടെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രണയബന്ധങ്ങളിലും വിവാഹങ്ങളിലും ചെന്ന് ചാടുന്ന ഇവർ നേരിടേണ്ടി വരുന്ന വഞ്ചനകളും മതപരിവർത്തന ആരോപണങ്ങളുമാണ് സിനിമയുടെ കാതൽ.
വിപുൽ അമൃത്‌ലാൽ ഷായും അമർനാഥ് ജായും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുമിത് ഗഹ്‌ലാവത്, ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചിത്രത്തിന്‍റെ റിലീസ് വലിയൊരു നിയമയുദ്ധത്തിന് ശേഷമായിരുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഹർജികളെത്തുടർന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ചിത്രത്തിന്‍റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞിരുന്നു.
എന്നാൽ നിർമ്മാതാക്കൾ ഉടൻ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും തുടർന്ന് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. സെൻസർ ബോർഡ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന നിരീക്ഷണത്തോടെയാണ് ചിത്രം പ്രദർശിപ്പിക്കാൻ കോടതി അനുമതി നൽകിയത്.
Tags : TheKeralaStory2 GoesBeyond AditiBhatia VipulAmrutlalShah BollywoodNews