ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
സ്നേഹത്തിന്‍റെയും മാനുഷിക സേവനത്തിന്‍റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രസംഗം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സച്ചിൻ തെൻഡുൽക്കർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ഐശ്വര്യ റായ് ശ്രദ്ധേയമായ പ്രസംഗം നടത്തിയത്.
‘‘എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക. ഒരേയൊരു ജാതിയേ ഉള്ളൂ, മനുഷ്യത്വമെന്ന ജാതി. ഒരേയൊരു മതമേയുള്ളൂ, സ്നേഹമെന്ന മതം. ഒരേയൊരു ഭാഷയേയുള്ളൂ, ഹൃദയത്തിന്‍റെ ഭാഷ, ഒരേയൊരു ദൈവമേയുള്ളൂ, അവൻ സർവവ്യാപിയാണ്. സായി റാം. ജയ് ഹിന്ദ്.
ഈ പ്രത്യേക അവസരത്തെ ആദരിച്ചുകൊണ്ട് ഇന്ന് ഞങ്ങളോടൊപ്പം ഇവിടെ സന്നിഹിതനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എന്നത്തേയും പോലെ സ്വാധീനവും പ്രചോദനവും നൽകുന്ന അങ്ങയുടെ വിവേകപൂർണമായ വാക്കുകൾ കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു,’’ ഐശ്വര്യ റായ് ബച്ചൻ പറഞ്ഞു.
സത്യസായി ബാൽ വികാസ് പരിപാടിയുടെ വിദ്യാർഥിയായിരുന്ന ഐശ്വര്യ റായ്ക്ക് സത്യസായി ബാബയുമായി കുട്ടിക്കാലം മുതലേ അടുത്ത ബന്ധമുണ്ട്. തന്‍റെ പ്രസംഗത്തിൽ, അച്ചടക്കം, സമർപ്പണം, ഭക്തി, ദൃഢനിശ്ചയം, വിവേചനം എന്നീ അഞ്ച് കാര്യങ്ങളെക്കുറിച്ചുള്ള ബാബയുടെ സന്ദേശവും അവർ ഓർമ്മിപ്പിച്ചു.
ചടങ്ങിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽതൊട്ട് വണങ്ങുന്ന ഐശ്വര്യ റായുടെ വീഡിയോ ക്ലിപ്പുകളും ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാൽ തൊട്ട് വന്ദിച്ച താരത്തെ പ്രധാനമന്ത്രി സ്നേഹത്തോടെ അനുഗ്രഹിക്കുകയും ചെയ്തു.
മനുഷ്യസേവനമാണ് യഥാർത്ഥ നേതൃത്വം എന്ന ബാബയുടെ സന്ദേശം പ്രധാനമന്ത്രിയുടെ സാന്നിധ്യം ഓർമ്മിപ്പിക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞു. സത്യസായി ബാബയുടെ ആദർശങ്ങളോടുള്ള താരത്തിന്‍റെ ആഴമായ ഭക്തിയും, മനുഷ്യത്വത്തെക്കുറിച്ചുള്ള പ്രസംഗവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
Tags : Aishwarya Rai Narendra Modi bollywood