ജൂഡ് മോഹൻലാലിനും ആയുഷ്മാനുമൊപ്പം
മോഹൻലാലിനെയും ആയുഷ്മാൻ ഖുറാനെയെയും പ്രധാന കഥാപാത്രങ്ങളാക്കി താൻ പ്ലാൻ ചെയ്ത ബോളിവുഡ് ചിത്രം ഉപേക്ഷിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നൽകിയ വിശദീകരണം സിനിമാലോകത്ത് വീണ്ടും ചർച്ചയാകുന്നു.
മോഹൻലാലിനെപ്പോലൊരു ഇതിഹാസ നടനെ സെക്കൻഡറി കഥാപാത്രമായി പരിഗണിക്കാമെന്ന് പ്രൊഡക്ഷൻ കമ്പനി നിലപാടെടുത്തതോടെയാണ് താൻ ആ ബോളിവുഡ് പ്രോജക്ട് പൂർണമായും ഉപേക്ഷിച്ചതെന്ന് ജൂഡ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, മോഹൻലാലിനെക്കുറിച്ച് അത്തരത്തിലൊരു പരാമർശം നടത്തിയത് ചിത്രത്തിലെ മറ്റൊരു നായകനായ ആയുഷ്മാൻ ഖുറാനിയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചില തെറ്റിദ്ധാരണകൾ പ്രചരിച്ചിരുന്നു.
ഈ തെറ്റിദ്ധാരണകൾക്ക് വിരാമമിട്ടുകൊണ്ടാണ് ജൂഡ് ആന്തണി ഇപ്പോൾ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജൂഡ് ഇക്കാര്യം വ്യക്തമാക്കിയത്. മോഹൻലാൽ സാറിനെക്കുറിച്ചുള്ള ആ പരാമർശത്തിന് പിന്നിൽ സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി മാത്രമാണെന്നും, അതിൽ ആയുഷ്മാന്‍ യാതൊരു പങ്കോ ബന്ധമോ ഇല്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ജൂഡിന്റെ ഈ പുതിയ പോസ്റ്റിന് താഴെ പിന്തുണയുമായി ആയുഷ്മാൻ ഖുറാനയും കമന്റുമായി എത്തിയിട്ടുണ്ട്.
‘ഇത്രയും നല്ല വ്യക്തിത്വമുള്ള ഒരാളെ കണ്ടുമുട്ടാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഒന്ന് വ്യക്തമാക്കട്ടെ, മോഹൻലാൽ സാറിനെക്കുറിച്ചുള്ള എന്റെ പരാമർശത്തിനു കാരണം നിർമാതാവിനെക്കുറിച്ചായിരുന്നു, അതില്‍ ആയുഷ്മാൻ ഖുറാനയ്ക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങൾക്കിടയിൽ പരസ്പര ബഹുമാനം മാത്രമേയുള്ളൂ. ഉടൻ തന്നെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മോഹൻലാൽ സാറിനൊപ്പം ചെയ്യാനിരുന്ന തിരക്കഥയിൽ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അത് നടന്നില്ല. അത് നടക്കാത്തതെ പോയതിലും അദ്ദേഹത്തിന് ഒരു പങ്കുമില്ല. എങ്കിലും, ഇത്രയധികം കഴിവും പ്രതിഭയുമുള്ള ഒരു അഭിനേതാവിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ ഞാൻ ആത്മാർഥമായി സന്തോഷിക്കുന്നു. എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.’’ജൂഡിന്റെ വാക്കുകള്‍.
‘‘നിങ്ങളുടെ സിനിമയുടെ വലിയൊരു ആരാധകനാണ് ഞാൻ; ഉടൻ തന്നെ നമുക്കൊരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാൽ സാറിന്റെ വർക്കുകളോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്; അദ്ദേഹം ഒരു ഇതിഹാസതാരമാണ്.
എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ മാത്രം യോഗ്യതയുള്ള ഒരാളായി മാറാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,’’ആയുഷ്മാൻ ഖുറാനയുടെ മറുപടി.
Tags : Ayushmann Khurrana Jude Anthany Mohanlal Director cinema movie