സൽമാൻ ഖാൻ, അൽവിര ഖാൻ
നടൻ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ അഗ്നിഹോത്രിക്കും കോടതി സമൻസ്. വഞ്ചനക്കേസിലാണ് ഇരുവർക്കും ചണ്ഡീഗഢ് കോടതിയാണ് നോട്ടീസ് അയച്ചത്. ഒക്ടോബർ അഞ്ചിന് കോടതിയിൽ ഹാജരാവാൻ ഇരുവരോടും കോടതി നിർദേശിച്ചു.
സഹോദരങ്ങൾക്ക് പുറമേ സ്റ്റൈൽ ആൻഡ് കണ്ടന്റ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ചണ്ഡീഗഢിലെ ബീയിംഗ് ഹ്യൂമൻ ജ്വല്ലറിയുമായി ബന്ധപ്പെട്ടാണ് കേസ്. ചണ്ഡീഗഢ് സ്വദേശിയായ വ്യവസായി അരുൺ ഗുപ്തയുടെ പരാതിയിലാണ് കോടതി നടപടി.
വ്യാജവാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ചു എന്നാണ് അരുൺ ഗുപ്തയുടെ പരാതി. ചണ്ഡീഗഢിലെ മണിമാജ്റയിൽ അരുൺ ഗുപ്ത ബീയിംഗ് ഹ്യൂമൻ ജ്വല്ലറിയുടെ ഫ്രാഞ്ചൈസി തുടങ്ങിയിരുന്നു.
ബീയിംഗ് ഹ്യൂമൻ ബ്രാൻഡിന്റെ ലൈസൻസുള്ള സ്റ്റൈൽ ആൻഡ് കണ്ടന്റ് ജ്വല്ലറിയുമായിട്ടായിരുന്നു കരാർ. ഷോറൂം ആരംഭിക്കാൻ മൂന്നുകോടി രൂപ നിക്ഷേപിച്ചു. പിന്നീട് വീണ്ടും ഒരുകോടി രൂപ കൂടി മുതൽമുടക്കി. എന്നാൽ, താൻ കരാർ വ്യവസ്ഥകൾ പാലിച്ചിട്ടും വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ആരോപണങ്ങൾ കമ്പനി നിഷേധിച്ചിരുന്നു. 2018-ൽ ഒപ്പുവെച്ച ചണ്ഡീഗഢ് വ്യവസായിയുമായുള്ള കരാറിൽ സൽമാൻ ഖാന് നേരിട്ട് പങ്കില്ലെന്ന് കമ്പനി അറിയിച്ചു.