അനുപമ, ധ്രുവ്
നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി നടൻ ധ്രുവ് വിക്രം. അനുപമയുടെ മുൻ കാമുകൻ ധ്രുവ് വിക്രമാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും അഭ്യൂഹങ്ങളുമാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളേയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളെയും കുറിച്ച് പ്രതികരിക്കുകയാണ് ധ്രുവ് ഇപ്പോൾ. ഇന്ത്യ ടുഡേ തമിഴ് സംഘടിപ്പിച്ച റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിക്കവെയാണ് നടന്റെ പ്രതികരണം.
"സിനിമ പോലെയുള്ള ഒരു ജോലി തിരഞ്ഞെടുക്കുമ്പോള് വളരെ നേരത്തേ തന്നെ നമുക്ക് മനസിലാകും വിമര്ശനങ്ങളും ഇതിന്റെ ഭാഗമാണെന്ന്.
ഈ ജോലി അത്രയും മനോഹരമാകുന്നതോടൊപ്പം തന്നെ ഇതിന് ഒരുപാട് വശങ്ങളുമുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ, ഇത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ യാഥാർഥ്യത്തിൽ ഉറച്ച് നിൽക്കുക എന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ആരാണെന്ന് അറിയുക. എന്തിന് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നതെന്ന് മനസിലാക്കുക.
നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടതായിട്ടുള്ളതും ഒരിക്കൽ പ്രധാനപ്പെട്ടതായിരുന്നതുമായ എല്ലാത്തിനെയും ശക്തമായി സംരക്ഷിക്കുക. നിങ്ങൾ സത്യത്തോടൊപ്പം നിൽക്കുമ്പോൾ, നിങ്ങളെ ഉറപ്പിച്ച് നിർത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് വ്യക്തമായി അറിവുള്ളപ്പോഴും മറ്റുള്ളവരുടെ നിരീക്ഷണങ്ങൾക്കും വിമർശനങ്ങൾക്കും ഒരു പരിധിക്കപ്പുറം പോകാൻ കഴിയില്ല.
പതിയെ അറിയാതെ തന്നെ നിങ്ങൾ ഒരു ഒറ്റയാൾ സൈന്യമായി മാറും. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ടാകും. നിങ്ങൾ സ്വയം ഉള്ളിലേക്ക് നോക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ലോകത്തെ സംരക്ഷിക്കും".- ധ്രുവ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണവും ധ്രുവ് വെളിപ്പെടുത്തി. "എനിക്ക് എഡിറ്റ് ചെയ്യാനും ഷൂട്ട് ചെയ്യാനും ഒരുപാട് ഇഷ്ടമാണ്.
അച്ഛനെയും എന്റെ മരുമകളെയും വളർത്തു മൃഗങ്ങളെയും ഷൂട്ട് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഇതൊന്നും ഞാൻ പോസ്റ്റ് ചെയ്യാറില്ലെങ്കിലും ഞാൻ ഒരുപാട് എഡിറ്റ് ചെയ്യാറുണ്ട്. ഐമൂവി ഉപയോഗിച്ച് വിഡിയോകൾ കട്ട് ചെയ്ത് അതിൽ മ്യൂസിക് ചേർക്കാനൊക്കെ എനിക്ക് ഇഷ്ടമാണ്. നമ്മളെല്ലാവരും സോഷ്യൽ മീഡിയയിലൂടെ ഒരുപാട് സമയം ചെലവഴിച്ച് കഴിഞ്ഞെന്ന് എനിക്ക് തോന്നുന്നു.
ലോകത്തിന്റെ മുഴുവൻ സംഗമകേന്ദ്രം പോലെയാണിപ്പോൾ അത്. സിനിമയുടെ പ്രൊമോഷൻ സമയത്താണ് ഞാൻ കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. മറ്റ് സമയങ്ങളിൽ വായനയോ സംഗീതമോ ഒക്കെയായി ഞാൻ പോകും. അതൊരു ബോധപൂർവമായ തീരുമാനമൊന്നുമല്ല".- ധ്രുവ് വ്യക്തമാക്കി.
Tags : Dhruv Anupama movie cinema