വരലക്ഷ്മി വിജയ്ക്കും ഭർത്താവിനുമൊപ്പം
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ സന്ദർശിച്ച് തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത്കുമാറും ഭർത്താവ് നിക്കോളായ് സച്ദേവും. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വരലക്ഷ്മി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കുവെച്ചു.
ചിത്രങ്ങൾക്കൊപ്പം താരം കുറിച്ച വൈകാരികമായ വരികളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. താൻ എന്നും ഒരു കടുത്ത വിജയ് ആരാധകിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് വരലക്ഷ്മിയുടെ കുറിപ്പ്. വർഷങ്ങൾക്ക് മുൻപ് വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രം സർക്കാരിൽ താൻ ചെയ്ത ശ്രദ്ധേയമായ വില്ലൻ വേഷത്തെക്കുറിച്ചുള്ള ഓർമ്മകളും താരം ഈ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
വരലക്ഷ്മിയുടെ കുറിപ്പ്
ഈ പോസ്റ്റിൽ എന്ത് എഴുതണം എന്ന് ഞാൻ ഒത്തിരി ആലോചിച്ചു. പക്ഷേ, ഇതിനോടകം തന്നെ എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ.. അതുകൊണ്ട് ഒരൊറ്റ കാര്യം മാത്രം പറയാം..
ആളുകൾ നൂറു കൂട്ടം വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും.. പക്ഷേ ഒടുവിൽ, വിജയം നമ്മുടെ സ്വന്തം സി. ജോസഫ് വിജയ്ക്കാണ്. അദ്ദേഹം നമ്മുടെ മുഖ്യമന്ത്രിയാണ്, ആ പദവിയിൽ അദ്ദേഹം തുടരുക തന്നെ ചെയ്യും..!!
കുറ്റപ്പെടുത്താൻ ആർക്കും എളുപ്പമാണ്. എന്നാൽ ആദ്യത്തെ ശ്രമത്തിൽ തന്നെ മുഖ്യമന്ത്രി കസേരയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ അതിന് അസാധാരണമായ ധൈര്യവും നിശ്ചയദാർഢ്യവും തമിഴ് ജനതയുടെ അളവറ്റ സ്നേഹവും വേണം..! ഈ വലിയ ജനവിധിയെ നമുക്ക് ആദരവോടെ നെഞ്ചിലേറ്റാം.
വാക്കുകളേക്കാൾ ശക്തി പ്രവർത്തികൾക്കാണല്ലോ. സദാസമയവും കുറ്റങ്ങൾ മാത്രം തിരയുന്നവരോട് കാലം മറുപടി പറയും. അതുവരെ, അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാണാൻ നമുക്ക് അൽപം ക്ഷമയോടെയും ബഹുമാനത്തോടെയും പിന്തുണയോടെയും കാത്തിരിക്കാം. ഒരുപാട് ഇഷ്ടമാണ് സാർ.. അന്നുമിന്നും ഞാൻ ഒരു കടുത്ത "വിജയ് വെറിയൻ" തന്നെയാണ്!
ഞങ്ങളെ കാണാനും ഇത്രയധികം സമയം ഞങ്ങൾക്കായി നീക്കിവച്ചതിനും ഒരുപാട് നന്ദി. ‘സർക്കാർ’ സിനിമയുടെ സെറ്റിൽ വെച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ ഓർത്തു നമ്മൾ ഒരുമിച്ച് ചിരിച്ചപ്പോൾ തന്നെ എനിക്കറിയാമായിരുന്നു.. ഇതായിരുന്നു നിങ്ങളുടെ നിയോഗമെന്ന്. അന്നും ഇന്നും ആ എളിമയ്ക്കും സ്നേഹത്തിനും ഒരു മാറ്റവുമില്ല..
സ്ത്രീക്ഷേമവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് വരാനിരിക്കുന്ന ആ വലിയ മാറ്റങ്ങൾ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ സാർ.. നിങ്ങളുടെ ഈ പുതിയ വഴിയിൽ തമിഴ്നാട് കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കട്ടെ.’’
Tags : Varalaxmi Vijay meeting Entertainment Movies Cinema