കഴിഞ്ഞ കുറച്ചു നാളുകളായി കോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടിയാണ് തൃഷ കൃഷ്ണൻ. വിജയ്ക്ക് ബന്ധമുണ്ടെന്ന് ഭാര്യ സംഗീത ആരോപിക്കുന്ന നടി തൃഷയാണെന്നാണ് ശക്തമായ വാദം. സംഗീത-വിജയ് വിവാഹമോചനക്കേസ് കോടതിയിലാണ്.
തൃഷ തന്റെ പങ്കാളിയാണെന്ന സൂചന വിജയ് ഇതിനിടെ നൽകിയിട്ടുണ്ട്. കരിയറിൽ തുടരെത്തുടരെ സിനിമകൾ ചെയ്ത് മുന്നേറവെയാണ് തൃഷയുടെ പേര് വിജയ്യുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത്.
വിജയ് സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. പിന്നാലെ തൃഷയും സിനിമാ മേഖല വിടുകയാണെന്ന വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്ന ഈ വാർത്ത ശരിയാണെന്ന് സംവിധായകൻ ചിത്ര ലക്ഷ്മണൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരിക്കുകയാണിപ്പോൾ.
തൃഷയെക്കുറിച്ച് കേൾക്കുന്ന വാർത്ത ശരിയാണ്. ഈയടുത്ത് ചില നിർമാതാക്കളിൽ നിന്നാണ് ഞാൻ ഇക്കാര്യം അറിഞ്ഞത് എന്നാണ് തന്റെ വ്യൂവേർസിന്റെ ചോദ്യത്തിന് മറുപടിയായി ചിത്ര ലക്ഷ്മണൻ പറഞ്ഞത്.
തൃഷയുടെ ആരാധകരെ സംബന്ധിച്ച് നിരാശജനകമായ വാർത്തയാണിത്. തെന്നിന്ത്യൻ സിനിമാരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി നായിക നിരയിൽ തുടരുന്ന നടിയാണ് തൃഷ. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായും ശ്രദ്ധേയ നായികാ വേഷങ്ങൾ ചെയ്തും പ്രേക്ഷക പ്രീതി നേടിയ നടി. തഗ് ലൈഫ്, വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമകൾ. മൂന്ന് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തൃഷയുടെ താരമൂല്യത്തിന് ഒട്ടും കുറവില്ല.
2015 ൽ വ്യവസായി വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹ ശേഷം കരിയർ വിടണമെന്ന നിബന്ധന അംഗീകരിക്കാൻ തൃഷ തയാറായില്ല. ഇതോടെ ഈ ബന്ധം നടി വേണ്ടെന്നു വയ്ക്കുകയും ചെയ്തു. 42 കാരിയായ തൃഷയ്ക്കു കരിയറിൽ ഇനി ഭാവിയുണ്ടോ എന്ന ചിന്തയാകാം പിന്മാറ്റത്തിന് കാരണമെന്നു വാദിക്കുന്നവരുണ്ട്. 40ന് ശേഷം നായികാനിരയിൽ തുടരുകയെന്നത് തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് ഏറെ ശ്രമകരമാണ്.
തൃഷയുമായുള്ള വിജയുടെ ബന്ധത്തിൽ നടന്റെ അടുത്ത വൃത്തങ്ങൾക്കു പോലും എതിർപ്പുണ്ടെന്ന് ഗായിക സുചിത്ര ഈയടുത്ത് പറഞ്ഞിരുന്നു. വളരെ നല്ല ബന്ധത്തിലായിരുന്നു വിജയ്യും ഭാര്യ സംഗീതയും. എപ്പോഴാണ് തൃഷ ഇടയിൽ കയറിയതെന്ന് അറിയില്ല.
വിജയ്യുടെ അടുത്ത് നിൽക്കുന്നവർക്കു പോലും തൃഷയോട് എതിർപ്പാണ്. വിജയ്യുടെ വലം കൈയാകാൻ വേണ്ടി ചുറ്റും കൂടിയിരിക്കുന്നവരാണ് എല്ലാവരും. അവർക്ക് തൃഷ വിജയ്യുടെ വലം കൈയായാൽ ഇഷ്ടപ്പെടുമോ. പാർട്ടിയിലെ ആർക്കും തൃഷയെ ഇഷ്ടമല്ല. ഡിവോഴ്സ് പെറ്റീഷൻ പുറത്തുവന്നതിനു പിന്നിൽ അവരാണെന്നും അന്ന് സുചിത്ര പറഞ്ഞിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് കന്നിയങ്കത്തിനിറങ്ങവെയാണ് വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ പുറത്തുവരുന്നത്. 2021 ലാണ് വിജയ്ക്ക് ഒരു നടിയുമായുള്ള ബന്ധം താൻ കണ്ടെത്തിയതെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ വിജയ് തയാറായില്ലെന്നുമാണ് സംഗീത ഈയടുത്തു നൽകിയ ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നത്.
Tags : Trisha film industry vijay