2026 കാൻ ചലച്ചിത്രമേളയിലെ ഐശ്വര്യ റായിയുടെ ലുക്കിനെതിരേ ഉയർന്ന പ്രായധിക്ഷേപ ട്രോളുകൾക്കെതിരേ ശക്തമായ പിന്തുണയുമായി നടി കങ്കണ റണാവത് രംഗത്ത്.
എല്ലാ വർഷവും കാൻ റെഡ് കാർപെറ്റിലെ തന്റെ മികച്ച ലുക്കുകളിലൂടെ ഐശ്വര്യ റായ് ശ്രദ്ധ നേടാറുണ്ട്. ഭൂരിഭാഗം ഇന്ത്യക്കാർക്കും കാനും ഐശ്വര്യയും തമ്മിലുള്ള ബന്ധം അത്രമേൽ പ്രിയപ്പെട്ടതാണ്.
ഐശ്വര്യ എത്തുന്നതുവരെ അവിടത്തെ റെഡ് കാർപെറ്റ് കവറേജ് അപൂർണമായി തുടരും. എന്നാൽ, ഒരു വിഭാഗം ആളുകൾ ഐശ്വര്യയുടെ വസ്ത്രധാരണത്തെയും രൂപത്തെയും എപ്പോഴും ട്രോളാറുണ്ട്. ഇത്തരം വിമർശനങ്ങളെ താരം എപ്പോഴും പക്വതയോടെയാണ് നേരിട്ടിട്ടുള്ളത്.
ഇത്തവണയും സമാനമായ സംഭവം തന്നെയാണ് ഉണ്ടായത്. റെഡ് കാർപെറ്റിലെ ഐശ്വര്യയുടെ സാന്നിധ്യത്തിനു പിന്നാലെ വസ്ത്രധാരണത്തെ വിമർശിച്ചും പ്രായത്തെ അധിക്ഷേപിച്ചും നിരവധി മോശം കമന്റകൾ വന്നു.
ഇതിനു പിന്നാലെയാണ് ഐശ്വര്യയ്ക്ക് മറ്റുള്ളവരുടെ മുമ്പിൽ ഇനി ഒന്നും തെളിയിക്കാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നടിയും ബിജെപി എംപിയുമാ കങ്കണ റണാവത് ഇൻസ്റ്റഗ്രാമിലൂടെ രംഗത്തെത്തിയത്.ഫാഷനും സ്റ്റൈലും സ്വയം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്.
അത് ഒരാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടും മനോഭാവവുമാണ്. ഒരു സ്ത്രീയും ആരോടും ഒന്നിനും കടപ്പെട്ടിരിക്കുന്നില്ല. ഐശ്വര്യ ഗംഭീരമായി കാണപ്പെടുന്നു! അവളെ മറ്റൊരു രീതിയിൽ കാണാൻ ആഗ്രഹിക്കുന്നവർ, എന്തുകൊണ്ടാണ് നിങ്ങളുടെ പക്കലുള്ളത് എന്താണെന്ന് കാണിച്ചു തരാത്തത്? അവർ ഇവിടെയുള്ളത് നിങ്ങളെ പ്രീതിപ്പെടുത്താനല്ല. അവർ അതിമനോഹരിയാണ്. റെഡ് കാർപെറ്റുകളിൽ പ്രായമായ സ്ത്രീകളെ കണ്ട് നിങ്ങൾക്ക് ശീലമില്ലെങ്കിൽ, ഇനി മുതൽ അത് ശീലമാക്കിക്കോളൂ. നന്ദി... എന്നാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ലൊറിയൽ പാരീസിന്റെ ആഗോള ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ കാൻ ചലച്ചിത്രമേളയുമായി ഐശ്വര്യ റായിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. 2003 മുതൽ ബ്രാൻഡിനെ പ്രതിനിധീകരിച്ച് മേളയിൽ പങ്കെടുക്കുന്ന താരം എല്ലാ വർഷവും റെഡ് കാർപെറ്റിൽ വിസ്മയം തീർക്കാറുണ്ട്.
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ബച്ചനും ഇത്തവണ കാനിൽ വാർത്തകളിൽ ഇടം നേടി. ഒരു ഗ്ലാമറസ് ചടങ്ങിൽ അമ്മയോടൊപ്പം ആരാധ്യയും തന്റെ റെഡ് കാർപെറ്റ് അരങ്ങേറ്റം കുറിച്ചു. മാച്ചിങ് കേപ്പുള്ള ചുവന്ന ഗൗൺ ആണ് ആരാധ്യ ധരിച്ചിരുന്നത്. കുട്ടിക്കാലം മുതൽക്കേ ആരാധ്യ ഐശ്വര്യയ്ക്കൊപ്പം കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാറുണ്ട്.
Tags : Aishwarya rai Kangana Ranaut The Cannes Film Festival