മോഹൻലാൽ കുടുംബത്തിനൊപ്പം
മകളുടെ സിനിമ തുടക്കത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ. ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ലെന്നാണ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ആന്റണി പെരുമ്പാവൂരിന്റെ മകന് ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ വിസ്മയയ്ക്കൊപ്പമുണ്ടെന്നതിലുള്ള സന്തോഷവും മോഹന്‍ലാല്‍ പങ്കുവെക്കുന്നുണ്ട്.
''ഒരു അച്ഛന്റെ ഹൃദയത്തിന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. തുടക്കത്തിലൂടെ വിസ്മയ തന്റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങള്‍ അവളോട് കാണിക്കുന്ന സ്നേഹവും ഞാന്‍ എന്നും ഓര്‍ത്തുവെക്കുന്ന അനുഗ്രഹമാകും.
കൊച്ചുകുട്ടിയായിരിക്കുമ്പോള് മുതല്‍ എനിക്കറിയുന്ന, ഞാന്‍ സ്നേഹിക്കുന്ന ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ അവള്‍ക്കൊപ്പം ഉണ്ടെന്നതും എന്റെ ഹൃദയം ഊഷ്മളമാക്കുന്നു. അവര്‍ രണ്ടുപേരയും ഇത്രയും ഊഷ്മളതയോടെ ചേര്‍ത്തുപിടിച്ചതിന് നന്ദി'' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹൻലാൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സായ് കുമാര്‍, മനോജ് കെ ജയന്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Tags : mohanlal thudakkam movie cinema vismaya