നടൻ സലിം കുമാറിനെപ്പറ്റി സംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അകാലത്തില്‍ വന്ന രോഗാവസ്ഥയില്ലായിരുന്നുവെങ്കില് ഇനിയും പറയാനൊരുപാട് കഥകള്‍ ബാക്കിയാകുമായിരുന്നുവെന്നും ചിത കത്തിയമര്‍ന്നപ്പോള്‍ നിറഞ്ഞ ഒരു ചിരി മാത്രം ബാക്കിയായെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
'ചിത കത്തിയമര്‍ന്നപ്പോള്‍ നിറഞ്ഞ ഒരു ചിരി മാത്രം ബാക്കിയായി...പ്രിയപ്പെട്ട സലീമേട്ടന്റെ അന്ത്യയാത്രയ്ക്കൊപ്പം ദിവസം മുഴുവന്‍ ചിലവഴിച്ചു മടങ്ങുമ്പോള്‍ ഓര്‍ത്തത് ആ മനുഷ്യന് മലയാള സിനിമയ്ക്കു സമ്മാനിച്ച ദാര്‍ശനികമായ ചിരികളെപ്പറ്റിയായിരുന്നു. ഒരുപക്ഷേ വെറും ചിരിക്കപ്പുറം അധികം എഴുതപ്പെടാതെ പോയ ചില ചിരികള്‍.
അഗാധമെന്നും ദാര്ശനികമെന്നും വിശേഷിപ്പിക്കപ്പെടാവുന്ന ഒരുപാട് വാചകങ്ങളും വ്യാഖ്യാനങ്ങളും മലയാള സിനിമയ്ക്കു സലീമേട്ടന് സമ്മാനിച്ചിട്ടുണ്ട്.
അതില്‍ പലതും ഒരു പൊട്ടിച്ചിരിയായി തീയറ്ററുകളില്‍ അവസാനിച്ചുവെങ്കിലും അത് തമാശകള്‍ മാത്രമായിരുന്നില്ല, മറിച്ച് സങ്കീര്‍ണങ്ങളായ ചില സാഹിത്യസങ്കേതങ്ങളുടെ ലളിതമായ പരിപ്രേക്ഷ്യങ്ങള്‍ കൂടിയായിരുന്നു.
വണ്മാന് ഷോ എന്ന ഷാഫി ചിത്രം ഓര്‍ക്കുന്നു. ലാലിന്റെ കഥാപാത്രത്തെ തിരക്കി കലാഭവന്‍ മണിയും ജയറാമും മാനസികരോഗകേന്ദ്രത്തിലെത്തുമ്പോള് അവിടെ രോഗികളെല്ലാം പാത്രവുമായി കോമ്പൗണ്ടിന്റെ ഒരു വശത്തേക്ക് ഓടുകയാണ്. പിന്നാലെ പൊട്ടിച്ചിരിച്ച് ഒരു പാത്രവുമായി സലിം കുമാറും. കാര്യമെന്താണ് എന്നു ചോദിക്കുമ്പോള്‍ അപ്പുറത്ത് ബിരിയാണി കൊടുക്കുന്നുവെന്ന് താന്‍ കളവ് പറഞ്ഞുവെന്നും അത് കേട്ട് ആ മണ്ടന്മാര് എല്ലാം കൂടി അവിടേക്കു ഓടിയെന്നും മറുപടി. അപ്പോള്‍ താനെന്താണ് ഈ പാത്രവുമായി എന്നു ചോദിക്കുമ്പോള്‍ ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന്...
തീയറ്ററുകളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഈ തമാശ അതിനുമപ്പുറമുള്ള ഒരു ദാര്‍ശനികത മുന്നോട്ടു വെക്കുന്നുണ്ട്. അവനവന് തീര്‍ക്കുന്ന ഒരു നറേറ്റീവ് സ്വയം വിശ്വസിച്ച് സ്വന്തം കള്ളക്കഥയുടെ തന്നെ ഇരയായി മാറുന്ന മനുഷ്യന്. സമകാലികതയുടെ കൃത്യമായ കാഴ്ച.
സാമുവല്‍ ബെക്കറ്റ് തന്റെ തീയറ്ററില്‍ മുന്നോട്ടുവെച്ച അബ്സേര്ഡിസം എന്ന സങ്കേതത്തിന്റെ ലളിതമായ മറ്റൊരു വ്യാഖ്യാനം എന്നു നിസാരമായി വിളിക്കാവുന്നത് ഇതിലേറെ ഭംഗിയായി ആര്‍ക്ക് അവതരിപ്പിക്കാനാകും. ഗോദോയെ കാത്തിരിക്കുന്ന രണ്ടു പേരുടെ മറ്റൊരു കാഴ്ചയാണത്.
നിങ്ങളീ കാണുന്ന ഞാനല്ല യഥാര്‍ഥ ഞാന്‍ എന്നു മറ്റൊരു സിനിമയില്‍ പറയുന്ന മറ്റൊരു അയഥാര്‍ഥ കഥയുണ്ട്. എക്സിസ്റ്റന്‍ഷ്യലിസത്തിന്റെ ഒരു തല കീഴായി പിടിച്ച ആഖ്യാനാനുഭവമല്ലേ അത്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന ഒറ്റ പ്രയോഗം മാത്രം കൊണ്ട് മലയാള ഭാഷയില്‍ ഇടം നേടിയതും മറ്റാരുമല്ല.
ഒരു പക്ഷേ ഒരു പാട് വ്യാഖ്യാനങ്ങള്‍ക്കു വേണ്ടി തുറന്നിട്ട അര്‍ഥസമ്പുഷ്ടമായ വാക്കുകളുടെ സാഗരമായിരിക്കണം സലീമേട്ടനെ ആക്ഷേപഹാസ്യത്തിന്റെ പുതുരൂപമായ ട്രോളുകളുടെ പൊന്നുതമ്പുരാനാക്കിയത്.
ഓരോ സിനിമകളിലേക്കും ചെറിയൊരു കഥാപാത്രമായി എത്തി അവിടെ നിന്ന് സ്വന്തം കഥകളുടെ കെട്ടഴിച്ചു വിട്ട് സ്വയം ഒരു മഹാസാഗരമാകാന് കഴിയുന്ന ഒരതുല്യ നടനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അകാലത്തില്‍ വന്ന രോഗാവസ്ഥയില്ലായിരുന്നുവെങ്കില് ഇനിയും പറയാനൊരുപാട് കഥകള്‍ ബാക്കിയാകുമായിരുന്നു.
വിട പ്രിയ കലാകാരാ...'
Tags : pc vishnunadh salim kumar