ആരാധകർ ആവേശത്തോടെ കാത്തിരുന്ന വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെ വിവാഹം കഴിഞ്ഞു. രാവിലെയായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചു.
രാജസ്ഥാനിലെ അതിപ്രശസ്തമായ ഐടിസി മെമന്റോസ് റിസോർട്ടിലാണ് വിവാഹം നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ പത്തിനാണ് നടന്നത്.
രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കൂർഗിലായതിനാൽ അവരുടെ പാരമ്പര്യമനുസരിച്ചുള്ള കൊടവ ചടങ്ങുകളും നടന്നു.
മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം ഒഴിവാക്കിയതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.