തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ (85) നദിയിൽചാടി ജീവനൊടുക്കി. ചെന്നൈയിലെ അഡയാർ നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടൻ പ്രഭുകാന്ത് മകനാണ്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
1983ൽ ബ്രഹ്മചാരികൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ സിനിമാ നിർമാണ രംഗത്തേക്ക് വരുന്നത്. 1991ൽ നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. നിഴൽഗൾ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഉണര്ച്ചിഗൾ എന്ന മറ്റൊരു ചിത്രവും സംവിധാനം ചെയ്തു. ഗണേഷ് സിനി ആർട്സ് എന്ന നിർമാണക്കമ്പനി സ്ഥാപിച്ച് അനേകം സിനിമകൾ നിർമിച്ചിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
അടുത്തിടെ തമിഴ് സിനിമാ രംഗത്തെക്കുറിച്ച് രാജൻ വിവാദ പരാമർശങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. നിർമാതാക്കൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെക്കുറിച്ചും സിനിമാരംഗത്തെ മോശം പ്രവണതകളെക്കുറിച്ചും അദ്ദേഹം പൊതുപരിപാടികളും യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു.
കെ.രാജന്റെ മരണത്തിൽ സിനിമാരംഗത്തെ പ്രമുഖർ ഞെട്ടൽ രേഖപ്പെടുത്തി. മരണ വാർത്ത ഞെട്ടിച്ചെന്നും തുറന്നു സംസാരിക്കുന്ന വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്നും ഖുഷ്ബു സുന്ദർ പ്രതികരിച്ചു. തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാർ പറഞ്ഞു.
Tags : Tamil film producer K. Rajan