ചിത്രത്തിന്റെ പോസ്റ്റർ
സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന വിശ്വനാഥ് ആൻഡ് സൺസ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്.
ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. വെഡ്ഡിംഗ് സോംഗ് എന്ന പേരിൽ സൂര്യ തന്നെ ആലപിച്ചിരിക്കുന്ന പുതിയ ഗാനത്തിന്റെ പ്രമോ, സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്തുവിട്ടത്.
ഗാനത്തിന്റെ പൂർണമായ പതിപ്പ് ജൂലൈ 25 ന് പുറത്ത് വിടും. മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എൻറർടെയ്ൻമെൻറ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
കെൻ കരുണാസ് ആണ് ഈ വെഡ്ഡിംഗ് സോങ്ങിന് വരികൾ രചിച്ചത്. സൂര്യ, മമിത എന്നിവരുടെ തകർപ്പൻ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നു.
ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.
ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.
അദ്ദേഹംതന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഠൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഒരു പക്കാ ഫാമിലി എന്റർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Tags : Vishwanath and Sons Suriya Mamitha Baiju GV Prakash Venky