ചിത്രത്തിന്റെ പോസ്റ്റർ
മലയാള സിനിമയുടെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ 4K റീ റിലീസിനോടനുബന്ധിച്ച് ആരാധകരുമായി ആവേശവും ഓർമ്മകളും പങ്കുവച്ചിരിക്കുകയാണ് സൂപ്പർതാരം മോഹൻലാൽ. പ്രിയദർശനോടൊപ്പം ചെയ്ത ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് തേന്മാവിൻ കൊമ്പത്തെന്ന് മോഹൻലാൽ വ്യക്തമാക്കി.
ഒക്ടോബർ എട്ടിനാണ് ചിത്രം ആഗോളതലത്തിൽ വീണ്ടും തിയേറ്ററുകളിലെത്തുന്നത്. 4K ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യ കൂടി ചേരുമ്പോൾ ചിത്രം പ്രേക്ഷകർക്ക് തികച്ചും പുതിയൊരു തിയേറ്റർ അനുഭവമായിരിക്കും സമ്മാനിക്കുക. ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ ഗാനങ്ങളും പുതിയ സൗണ്ട് മിക്സിലൂടെ വീണ്ടും ആസ്വദിക്കാൻ സാധിക്കുമെന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
1994-ൽ പുറത്തിറങ്ങിയ ചിത്രം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമാ ലിസ്റ്റിൽ മുൻപന്തിയിലുണ്ട്. മോഹൻലാലിനൊപ്പം ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കുതിരവട്ടം പപ്പു തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. കെ.വി. ആനന്ദിന്റെ ഛായാഗ്രഹണത്തിനും സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനിനും ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ചിത്രം നേടിയിട്ടുണ്ട്.
മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റസും ചേർന്നാണ് ചിത്രം 4K-യിൽ റീമാസ്റ്റർ ചെയ്തിരിക്കുന്നത്. പ്രശദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണൻ നിർമിച്ച ഈ വിന്റേജ് ക്ലാസിക് ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.
Tags : ThenmavinKombathu Theater Mohanlal Manikyan