പാൻ ഇന്ത്യൻ താരം യാഷിന്റെ മാസ് ഹീറോ ചിത്രം ടോക്സിക് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന തിരവിസ്മയമാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ടീസർ ജനുവരി എട്ടിന് യാഷിന്റെ ജന്മദിനത്തിൽ പുറത്തിറക്കിയിരുന്നു.
ടീസർ മിനിറ്റുകൾക്കുള്ളിൽ വൈറലാകുകയും വൻ വിവാദങ്ങളിൽ അകപ്പെടുകയും ചെയ്തു. ടീസറിലെ ഇന്റിമേറ്റ് സീൻ ആണ് വിവാദമായത്. ടീസറിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കർണാടക വനിതാ കമ്മീഷൻ സെൻസർ ബോർഡിനു കത്തു നൽകിയിരിക്കുകയാണ്.
എന്നാൽ, ഇപ്പോൾ മറ്റൊരു വാർത്ത കൂടി ഉടലെടുത്തിരിക്കുന്നു. ഇന്റിമേറ്റ് സീനിൽ അഭിനയിച്ച ബ്രസീലിയൻ മോഡലും നടിയുമായ ബിയാട്രിസ് തൗഫൻബാക്ക് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണ് പുതിയ വാർത്ത.
ആരാണ് ബിയാട്രീസ്
ടീസറിലെ ഇന്റിമേറ്റ് രംഗത്തു പ്രത്യക്ഷപ്പെട്ട നടിയെക്കുറിച്ചുള്ള തെരച്ചിലിലായിരുന്നു സിനിമാ ലോകം. നടി നതാലി ബേൺ ആണെന്ന തരത്തിൽ ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് സംവിധായിക ഗീതു മോഹൻദാസ് തന്നെ സസ്പെൻസ് പൊളിച്ചു. ബ്രസീലിയൻ മോഡലും നടിയുമായ ബിയാട്രിസ് തൗഫൻബാക്ക് ആണ് ആ താരം എന്ന് ഗീതു വെളിപ്പെടുത്തി. 2014 മുതൽ മോഡലിംഗ് രംഗത്തുണ്ട് ബിയാട്രിസ്.
വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ബിയാട്രിസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിൻവലിച്ചത് ആരാധകരെ അമ്പരപ്പിച്ചു. സൈബർ ആക്രമണങ്ങൾ ഭയന്നാണോ അതോ മറ്റ് കാരണങ്ങളാലാണോ താരം സോഷ്യൽ മീഡിയ ഉപേക്ഷിച്ചതെന്നു വ്യക്തമല്ല. ചിത്രത്തിൽ താരത്തിന് എത്രത്തോളം പ്രാധാന്യമുള്ള വേഷമുണ്ടെന്നതിലും സസ്പെൻസ് തുടരുന്നു.

വമ്പൻ താരനിര
യാഷിനൊപ്പം ലേഡി സൂപ്പർസ്റ്റാർ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഗ്ലാമറസ് ലുക്കിലുള്ള ഇവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാർച്ച് ഒൻപതിനു ചിത്രം തിയേറ്ററുകളിൽ എത്തും.
Tags : toxic movie actress