വിജയ് ചിത്രം 'ജനനായകൻ' സിനിമയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. ഈ സംഭവം ശരിക്കും തന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്നും കരിയറിന്റെ തുടക്കത്തിൽ സമാനമായ അനുഭവം ഉണ്ടായപ്പോൾ അനുഭവിച്ച വേദന താൻ ഇന്നും ഓർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിജയ് ചിത്രം ജനനായകന്റെ പ്രിന്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
‘‘ജനനായകൻ സിനിമയുടെ പ്രിന്റ് ലീക്ക് ആയ വാർത്ത എന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നുണ്ട്. എന്റെ കരിയറിന്റെ തുടക്കത്തിൽ ഇങ്ങനെയൊന്ന് സംഭവിച്ചപ്പോൾ ഉണ്ടായ ആ വേദനയും നഷ്ടബോധവും ഞാൻ നേരിട്ട് അനുഭവിച്ചതാണ്.
നമ്മൾ എല്ലാവരുടെയും ലക്ഷ്യമായി മാറുന്നത് പോലെയും, കൈയിലുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുന്നത് പോലെയുമാണ് അപ്പോൾ തോന്നുക. ഇത് എന്റെ മാത്രം കാര്യമല്ല; സഹഅഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാക്കൾ അങ്ങനെ ഒരുപാട് പേരുടെ സ്വപ്നങ്ങളാണ് ഇവിടെ തകരുന്നത്.
ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണം, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുകയും വേണം. അതിന് കഴിഞ്ഞില്ലെങ്കിൽ അത് നമ്മുടെ സിസ്റ്റത്തിന്റെ പരാജയമാണ്.
ചില മനുഷ്യർക്ക് ഇത്രയും ക്രൂരത കാണിക്കാൻ എങ്ങനെ കഴിയുന്നു എന്നും, മറ്റുള്ളവരെ ദ്രോഹിക്കാൻ അവർ ഏത് അറ്റം വരെയും പോകുമെന്നും ഇത് നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.
ഈ സിനിമയുടെ മുഴുവൻ ടീമിനും എന്റെ എല്ലാവിധ പിന്തുണയും ഞാൻ അറിയിക്കുന്നു.’’ വിജയ് ദേവരകൊണ്ട കുറിച്ചു.
Tags : Vijay Devarakonda Jananayakan'