ലക്നോ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ നിയന്ത്രണം നഷ്ടമായ കാർ ട്രക്കിൽ ഇടിച്ചുകയറി നാലുപേർ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.
ദേശീയപാത-9ലാണ് സംഭവം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഗജ്രൗള പോലീസ് സ്റ്റേഷൻ പരിധിയിലെ ഖ്യാലിപൂർ ധാലിലെ നയാര പെട്രോൾ പമ്പിന് സമീപം പുലർച്ചെ നാലോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
കാർ ഡ്രൈവർ റാംപൂർ നിവാസി മുഹമ്മദ് സൽമാൻ, യാത്രക്കാരായ പശ്ചിമ ബംഗാളിലെ മാൾഡ ജില്ല സ്വദേശി നസീം, ഹാരിസ്, മഷൂഖ് എന്നിവരുമാണ് മരിച്ചതെന്ന് സർക്കിൾ ഓഫീസർ അഞ്ജലി കതാരിയ പറഞ്ഞു.
മരിച്ചവരും പരിക്കേറ്റവരും വാരണാസിയിലെ മദ്രസ വിദ്യാർഥികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ഗുരുതര പരിക്കേറ്റ പശ്ചിമ ബംഗാളിലെ മാൾഡ നിവാസികളായ സുന്നത്ത്, ഹസ്നൈൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി.
Tags : death accident cas car Truck Highway