ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക ഇംപീച്ച്മെന്റിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നു.
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക ഇംപീച്ച്മെന്റ് നടപടിയിലാണ് രാഹുൽ കടുത്തവിമർശനം ഉന്നയിച്ചത്. ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് മാറാതെ മറ്റു വഴികളില്ലെന്നും തെളിവുകൾ പുറത്തുവരുന്നതോടെ അദ്ദേഹത്തിന് രാജിവെക്കേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.
എക്കാലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവിൽ കഴിയാമെന്ന് കരുതേണ്ട. ഇന്നല്ലെങ്കിൽ നാളെ ജനങ്ങളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മറ്റ് എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ ഒന്നടങ്കം പ്രതിപക്ഷം ഒന്നിച്ചെത്തിയത്. മോദിയെയും അമിത് ഷായെയും രാഷ്ട്രീയമായി നേരിടാൻ പ്രതിപക്ഷത്തിന് അറിയാം. എന്നാൽ അവരുടെ ആയുധമായി തെരഞ്ഞെടുപ്പ് കമ്മീഷന് എക്കാലവും തുടരാനാവില്ലെന്നും രാഹുൽ തുറന്നടിച്ചു.
ഭരണഘടന സംരക്ഷിക്കാനുള്ള പരിശുദ്ധ പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചാലും ഭരണഘടനാ സ്ഥാപനങ്ങളെ കൈവശപ്പെടുത്തിയാലും ജനങ്ങളുടെ ശബ്ദം കേൾക്കേണ്ടിവരും. ഇന്ത്യയുടെ ആത്മാവിനെയാണ് ആക്രമിക്കുന്നതെന്നും അട്ടിമറിക്ക് കൂട്ടുനിന്നവരുടെ നാശത്തിനായാണ് ഈ രാഷ്ട്രീയ കൂട്ടായ്മയെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ 250 എംപിമാരാണ് ഗ്യാനേഷ് കുമാറിനെതിരായ നീക്കത്തിൽ പങ്കുചേർന്നത്. ഗ്യാനേഷ് കുമാർ നിയമപരമായ വിചാരണ നേരിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കി.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ പ്രതിപക്ഷ ഇന്ത്യ സഖ്യം ഇന്നലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലുള്ള പത്താം നമ്പർ വസതിയിൽ സംഘടിപ്പിച്ച ‘ജനകീയ വിചാരണ’യിൽ ഗ്യാനേഷ് കുമാറിനെതിരേ ആറു പ്രധാന ആരോപണങ്ങൾ അടങ്ങിയ കുറ്റപത്രം അവതരിപ്പിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവുകൂടിയായ മല്ലികാർജുൻ ഖാർഗെയാണ് ആറു കുറ്റങ്ങളുമായി പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിലെ ആറു കുറ്റങ്ങൾ ചുവടെ:
►തെരഞ്ഞെടുപ്പുകൾ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തി.
►13.2 കോടി വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് ഇല്ലാതാക്കി.
►പാർലമെന്ററി മേൽനോട്ടമോ അറിവോ ഇല്ലാതെ ഫോം 6 മാറ്റിയെഴുതി.
►ഇസിഐ നെറ്റ് വഴി വോട്ടർപട്ടികകൾ പിടിച്ചെടുത്തു.
►മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാനിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തു.
►മോദിയുടെയും ഷായുടെയും നിർദേശപ്രകാരം പ്രവർത്തിച്ചു.
Tags : GyaneshKumar RahulGandhi OppositionLeader ElectionCommission ChiefElectionCommissioner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash