ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
ചതുർദിന സന്ദർശനത്തിനായി ഇന്ന് മുംബൈയിലെത്തുന്ന കാർണി മാർച്ച് ഒന്നിന് രാജ്യതലസ്ഥാനത്തെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മാർച്ച് രണ്ടിന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിനിധിതല ചർച്ചകളും നടത്തും.
2023ൽ കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിലുണ്ടായ വിള്ളലുകൾ പുതിയ കനേഡിയൻ ഭരണകൂടത്തിനു കീഴിൽ മെച്ചപ്പെട്ടുവരവേയാണ് മാർക്ക് കാർണിയുടെ ഇന്ത്യാസന്ദർശനം.
ചർച്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജം, നിർണായക ധാതുക്കൾ, കൃഷി എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തും. വിദ്യാഭ്യാസം, ഗവേഷണം, നവീകരണം; ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രാദേശിക- ആഗോള വികസനം എന്നിവയും ചർച്ചാവിഷയങ്ങളാകും.
Tags : Canada Canada PM Visit Mark Carney Mark Carney visti India visit