ന്യൂഡൽഹി: ഓൺ-സ്ക്രീൻ മാർക്കിംഗ് വിവാദങ്ങളെത്തുടർന്ന് വൻ അനിശ്ചിതത്വത്തിലായിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള രണ്ടാം ഘട്ട പോർട്ടൽ ഇന്ന് ഔദ്യോഗികമായി തുറന്നു. സാങ്കേതിക തകരാറുകൾ പരിഹരിക്കാനും ഡിജിറ്റൽ സംവിധാനം കൂടുതൽ സുരക്ഷിതമാക്കാനുമായി ഐഐടി വിദഗ്ധരുടെ സഹായത്തോടെയാണ് ബോർഡ് പോർട്ടൽ സജ്ജമാക്കിയത്. മേയ് 29-ന് തുറക്കേണ്ടിയിരുന്ന പോർട്ടൽ, സാങ്കേതിക സ്ഥിരത ഉറപ്പാക്കാനാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്.
ഇത്തവണത്തെ പുനർമൂല്യനിർണയത്തിൽ വിദ്യാർത്ഥികൾക്ക് വൻ ഇളവുകളാണ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർക്ക് പരിശോധനയ്ക്കുള്ള ഫീസ് വെറും 100 രൂപയായും, ഒരു ചോദ്യം വീതം പുനഃപരിശോധിക്കുന്നതിനുള്ള ഫീസ് 25 രൂപയായും കുത്തനെ കുറച്ചിട്ടുണ്ട്. ഇതിനുപുറമെ, പുനർമൂല്യനിർണയത്തിൽ മാർക്ക് വർധിക്കുകയാണെങ്കിൽ ഈ തുക പൂർണമായും വിദ്യാർത്ഥിക്ക് തിരികെ നൽകുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർണായക പ്രഖ്യാപനവും വന്നിട്ടുണ്ട്. ഫലത്തിൽ, അർഹതപ്പെട്ട മാർക്ക് നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ഇത് വലിയൊരു ആശ്വാസമാണ്.
എന്നാൽ ഈ ഘട്ടത്തിൽ എല്ലാവർക്കും അപേക്ഷിക്കാൻ കഴിയില്ലെന്ന സുപ്രധാന നിബന്ധനയും സിബിഎസ്ഇ മുന്നോട്ടുവെക്കുന്നുണ്ട്. മേയ് 20 മുതൽ 25 വരെയുള്ള ആദ്യ ഘട്ടത്തിൽ തങ്ങളുടെ ഉത്തരക്കടലാസിന്റെ ഡിജിറ്റൽ സ്കാൻ കോപ്പികൾ വാങ്ങി പരിശോധിച്ച നാല് ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഈ രണ്ടാം ഘട്ട പോർട്ടൽ വഴി മാർക്ക് തിരുത്തലിന് അപേക്ഷിക്കാൻ യോഗ്യതയുള്ളൂ.
അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ ഡിജിലോക്കർ അക്കൗണ്ടുകൾ വഴിയാണ് ലഭ്യമാക്കുന്നത്. അപേക്ഷകൾ സ്വീകരിച്ച് കഴിഞ്ഞ് ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യവാരത്തോടെയോ പുതുക്കിയ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.
Tags : CBSE Class 12 re-evaluation Latest News