പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊതുസുരക്ഷാ ഏജന്‍സികളും തമ്മിലുള്ള ആശയവിനിമയശേഷി ശക്തിപ്പെടുത്തുന്നതിനായി എകീകൃതമായ സംവിധാനം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിനായി ബ്രോഡ്ബാന്‍ഡ് പബ്ലിക് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡിസാസ്റ്റര്‍ റിലീഫ് (ബിബി- പിപിഡിആര്) എന്ന ആശയവിനിമയ സംവിധാനം നടപ്പിലാക്കാനാണ് ആഭ്യന്തരമന്ത്രാലയം ലക്ഷ്യമിടുന്നത്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലിസ് സേനകള്‍, കേന്ദ്ര സായുധ പൊലിസ് സേന (സിഎപിഎഫ്), ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്), അഗ്നിരക്ഷാ സേന, ആരോഗ്യസേവന വിഭാഗങ്ങള്‍ തുടങ്ങി രാജ്യത്തുടനീളമുള്ള മറ്റ് പൊതുസുരക്ഷാ ഏജന്‍സികള്‍ ഉള്‍പ്പടെയുള്ളവയെ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
ഇതിന്റെ ഭാഗമായി ബിബി- പിപിഡിആര് ആശയവിനിമയ ശൃംഖലയെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. സംവിധാനത്തിന്റെ രൂപരേഖ തയാറാക്കുന്നതിനായി ശൃംഖലയുടെ വികസനവും നടപ്പാക്കലും സംബന്ധിച്ച വിവിധ വശങ്ങളിലുള്ള നിര്‍ദേശങ്ങളാണു ക്ഷണിച്ചിരിക്കുന്നത്.
രൂപകല്പനയുമായി ബന്ധപ്പെട്ട വിവിധ മാര്‍ഗങ്ങള്‍, സാങ്കേതികവിദ്യകളും അവയുടെ ഗുണദോഷങ്ങളും, ചെലവ്, കാര്യക്ഷമത, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണോ തുടങ്ങിയ സംബന്ധിച്ച അഭിപ്രായങ്ങള്‍ ബന്ധപ്പെട്ട പങ്കാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കുവയ്ക്കാം.
ഈ സംവിധാനത്തെക്കുറിച്ചുള്ള വിശദമായി അറിയാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെയും ഡയറക്ടറേറ്റ് ഓഫ് കോ ഓര്‍ഡിനേഷന്‍ പൊലിസ് വയര്ലസിന്റെയും (ഡിസിപിഡബ്യു) വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. അഭിപ്രായങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ അഞ്ചാണ്.
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും [email protected], [email protected] എന്നീ ഇമെയില്‍ വിലാസങ്ങളിലേക്ക് അയയ്ക്കാം. ഇമെയില്‍ സബ്ജക്ട് ലൈനില്‍ BB-PPDR Architecture - Stakeholder Feedback എന്നു കൃത്യമായി രേഖപ്പെടുത്തണം.
Tags : system for communication Deepika DeepikaNewspaper BreakingNews Centre introduces new system for communication