Congress MLA
പാറ്റ്ന: ബിഹാറിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്ന കോൺഗ്രസ് എംഎൽഎ സുരേന്ദ്ര കുശ്വാഹ ഭരണകക്ഷിയായ ജെഡി-യുവിലേക്കെന്ന് സൂചന. കുശ്വാഹ ഇന്നലെ മുതിർന്ന ജെഡി-യു നേതാവും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി.
ഇതോടെയാണ് കുശ്വാഹ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായത്. എന്നാൽ തന്റെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ സംസാരിക്കാനാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിൽ കോൺഗ്രസിന് ആറ് എംഎൽഎമാർ മാത്രമാണുള്ളത്.
ആറു പേരും എൻഡിഎയിൽ ചേരാൻ നീക്കം നടത്തിയിരുന്നു. അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽനിന്ന് കുശ്വാഹ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു. മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതോടെ ഏക പ്രതിപക്ഷ സ്ഥാനാർഥി പരാജയപ്പെട്ടു.
Tags : Congress MLA Kushwaha join NDA