x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ലോട്ടറി രാജാവിന്‍റെ' മകൾ, മന്ത്രിപത്നി, ഒടുവിൽ വിവാഹമോചനം; ആരാണ് ഡെയ്സി മാർട്ടിൻ?

ഡെന്നിസ് ജേക്കബ്
Published: November 17, 2026 01:08 PM IST | Updated: November 17, 2026 01:50 PM IST

മന്ത്രി ആധവ് അർജുനയും ഡെയ്സിയും (File Photo)

ചെന്നൈ: തമിഴ്നാട് പൊതുമരാമത്ത്, കായിക വികസന വകുപ്പ് മന്ത്രി ആധവ് അർജുനയും ഭാര്യ ഡെയ്സി മാർട്ടിനും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാർത്ത വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. പ്രമുഖ വ്യവസായിയും 'ലോട്ടറി രാജാവ്' എന്നറിയപ്പെടുന്നയാളുമായ സാന്‍റിയാഗോ മാർട്ടിന്‍റെ മകളാണ് ഡെയ്സി.

2012 നവംബറിലാണ് ആധവ് അർജുനയും ഡെയ്സിയും വിവാഹിതരായത്. 14 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വേർപിരിയുന്നതായി ഡെയ്സി സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഇരുവർക്കും ഒരു കുട്ടിയുണ്ട്.

ആരാണ് ഡെയ്സി മാർട്ടിൻ?

ബിസിനസ് രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകയാണ് ഡെയ്സി മാർട്ടിൻ. പിതാവ് സാന്‍റിയാഗോ മാർട്ടിന്‍റെ ബിസിനസ് സാമ്രാജ്യത്തിന്‍റെ തണലിൽ ഒതുങ്ങാതെ സ്വന്തം നിലയിൽ ബിസിനസ് രംഗത്ത് സജീവമായ വ്യക്തിത്വമാണ് ഇവരുടേത്.

റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിർമ്മാണ മേഖലകളിൽ ഡെയ്സി സജീവമാണ്. മാർട്ടിൻ ഗ്രൂപ്പിന്‍റെ വിവിധ സംരംഭങ്ങളുടെ ഡയറക്ടർ ബോർഡ് അംഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

ഡെയ്സി നിലവിൽ 'എറൈസ് ഇൻവെസ്റ്റ്മെന്‍റ്സ് ആൻഡ് കാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന മൈക്രോഫിനാൻസ് ധനകാര്യ സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടറാണ്. താഴ്ന്ന വരുമാനക്കാർക്കും ചെറുകിട സംരംഭകർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനാണ് ഈ സ്ഥാപനം പ്രാധാന്യം നൽകുന്നത്.

പിതാവിന്‍റെ പ്രധാന കമ്പനിയായ 'ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ' നേതൃത്വനിരയിൽ ഡെയ്സി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മാർട്ടിൻ പ്രോപ്പർട്ടി ഡെവലപ്പേഴ്സ്, മാർട്ടിൻ റിയൽ എസ്റ്റേറ്റ്, ചാൾസ് പ്രൊമോട്ടേഴ്സ് തുടങ്ങി റിയൽ എസ്റ്റേറ്റ്, നിർമാണം, മാനുഫാക്ചറിംഗ് മേഖലകളിലായി അമ്പതിലധികം കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഇവർ അംഗമായിരുന്നിട്ടുണ്ട്.

രാഷ്ട്രീയ കുടുംബവുമായി ബന്ധമുണ്ടായിട്ടും പൊതുവേദികളിൽ നിന്നും മാധ്യമശ്രദ്ധയിൽ നിന്നും അകന്നു നിൽക്കാനാണ് ഡെയ്സി എപ്പോഴും താത്പര്യപ്പെട്ടിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലെ സംരംഭങ്ങളിലും ഇവർ പങ്കാളിയാണ്.

സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക മേഖലയിലും നൽകിയ സംഭാവനകൾ പരിഗണിച്ച് 2025ൽ കൈറ്റ്സ്ക്രാഫ്റ്റ് പ്രൊഡക്ഷൻസിന്‍റെ "മോസ്റ്റ് ഇൻസ്പയറിംഗ് വുമൺ ഓഫ് ഇന്ത്യ' അംഗീകാരം ഡെയ്സിക്ക് ലഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സത്യവാംഗ്‌മൂലത്തിലെ വിവരങ്ങൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ ഡെയ്സിയുടെ വാർഷിക വരുമാനം 6.85 കോടി രൂപയായിരുന്നു. ഡെയ്സിയുമായുള്ള വിവാഹത്തിന് ശേഷമാണ് ആധവ് അർജുന തമിഴ്നാട് രാഷ്ട്രീയത്തിലും കായിക ഭരണരംഗത്തും അതിവേഗം വളർന്നത്.

'വോയ്സ് ഓഫ് കോമൺസ്' എന്ന രാഷ്ട്രീയ തന്ത്രജ്ഞ സ്ഥാപനത്തിലൂടെയും ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് എന്ന നിലയിലും ആധവ് ശ്രദ്ധേയനായി. പിന്നാലെ വിജയ് മന്ത്രിസഭയിലുമെത്തി. ഇരുവരുടെയും വേർപിരിയൽ തമിഴ്നാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആരാണ് സാന്‍റിയാഗോ മാർട്ടിൻ?

ഇന്ത്യയിലെ തന്നെ ഏറ്റവും വിവാദപരവും അതേസമയം അതിസമ്പന്നവുമായ ബിസിനസ് സാമ്രാജ്യങ്ങളിൽ ഒന്നിന്‍റെ ഉടമയാണ് ഡെയ്സിയുടെ പിതാവ് സാന്‍റിയാഗോ മാർട്ടിൻ. 'ലോട്ടറി മാർട്ടിൻ' എന്ന പേരിലാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്.

തമിഴ്നാട്ടിലെ കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ് മാർട്ടിൻ തന്‍റെ ബിസിനസ് ജീവിതം ആരംഭിച്ചത്. 1980-കളുടെ അവസാനത്തിൽ മ്യാൻമറിൽ നിന്നാണ് അദ്ദേഹം ലോട്ടറി വ്യാപാരത്തിന്‍റെ ബാലപാഠങ്ങൾ പഠിച്ചതെന്ന് പറയപ്പെടുന്നു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി 'മാർട്ടിൻ ലോട്ടറി ഏജൻസീസ് ലിമിറ്റഡ്' ആരംഭിച്ചു.

തമിഴ്നാട്ടിലും കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും (പ്രത്യേകിച്ച് സിക്കിം, നാഗാലാൻഡ്, മേഘാലയ) ലോട്ടറി വിപണിയിൽ മാർട്ടിൻ കുത്തക സ്ഥാപിച്ചു. 'ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ്' എന്ന അദ്ദേഹത്തിന്‍റെ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ലോട്ടറി വിതരണക്കാരായി മാറി.

ലോട്ടറി വ്യാപാരവുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ കേസുകളും മാർട്ടിനെതിരെ ഉയർന്നു വന്നിട്ടുണ്ട്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും ആദായനികുതി വകുപ്പിന്‍റെയും നിരന്തരമായ റെയ്ഡുകൾക്കും നടപടികൾക്കും അദ്ദേഹം വിധേയനായിട്ടുണ്ട്.

തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് മാർട്ടിൻ. ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തി എന്ന നിലയിൽ മാർട്ടിന്‍റെ കമ്പനി ദേശീയ തലത്തിൽ വലിയ വാർത്തയായിരുന്നു.

രാഷ്ട്രീയ-വ്യവസായ പ്രത്യാഘാതങ്ങൾ

ആധവ് അർജുനയും ഡെയ്സിയും വേർപിരിയുന്നത് കേവലം ഒരു കുടുംബപ്രശ്നം എന്നതിലുപരി തമിഴ്നാട് രാഷ്ട്രീയത്തിലും ചർച്ചയാകുന്നുണ്ട്. മാർട്ടിൻ കുടുംബത്തിന്‍റെ സാമ്പത്തിക പിൻബലവും സ്വാധീനവും ആധവിന്‍റെ രാഷ്ട്രീയ നീക്കങ്ങൾക്ക് വലിയ കരുത്തായിരുന്നു. അദ്ദേഹത്തിന്‍റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെ ഈ വേർപിരിയൽ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Tags : DaisyMartin AadhavArjuna Daughter SantiagoMartin LotteryKing Divorce Women BusinessWomen

Recent News

Corehub Up