സിസിടിവി ദൃശ്യങ്ങളിൽനിന്ന്
ചെന്നൈ: തമിഴ്നാട്ടിലെ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടിയിൽ സ്വകാര്യ സ്കൂളിൽ പ്രീ-കെജി വിദ്യാർഥിയെ ക്ലാസ് മുറിയിൽ കെട്ടിയിട്ടതായി പരാതി. കൈകൾ കെട്ടിയ നിലയിൽ കുട്ടി ബുദ്ധിമുട്ടുന്നതും കണ്ണിന് സമീപത്തെ പരിക്കിൽ നിന്ന് രക്തം വരുന്നതുമായ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ പൊലീസ് കേസെടുത്തു. ക്രൂരതയും അനാസ്ഥയും ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
കുട്ടി കൈകൾ കെട്ടിയ നിലയിൽ എഴുന്നേൽക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നതിൽ ഒന്നിലുള്ളത്. മറ്റൊരു ദൃശ്യത്തിൽ കുട്ടി കയറിൽ കടിച്ചുപിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതും കാണാം. മറ്റു കുട്ടികളും അധ്യാപികയെന്ന് കരുതുന്ന സ്ത്രീയും ക്ലാസ് മുറിയിൽ ഇരിക്കുമ്പോൾ കുട്ടി വേദനയോ അസ്വസ്ഥതയോ കാരണം നിലവിളിക്കുന്നതും മൂന്നാമത്തെ ദൃശ്യത്തിലുണ്ട്.
അനുസരിക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് വനിതാ അറ്റൻഡർ കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കുകളോടെ വീട്ടിലെത്തിയ കുട്ടി, അധ്യാപികയും വനിതാ അറ്റൻഡറും തന്നെ ഉപദ്രവിച്ചതായി പിതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് സ്കൂളിലെത്തിയ പിതാവ് ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുത്തുറൈപ്പൂണ്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഇരു ജീവനക്കാരെയും ജോലിയിൽ നിന്ന് പുറത്താക്കിയതായാണ് വിവരം.
Tags : 3 year old mistreated three-year-old tied up classroom