പ്രതീകാത്മക ചിത്രം
തൃശൂർ: കൊടുങ്ങല്ലൂരിൽ വാടകക്കെട്ടിടത്തിൽ നിന്നും 26 കോടി രൂപ മൂല്യം വരുന്ന വ്യാജ നോട്ടുകൾ പിടികൂടി. ശ്രീനാരായണപുരം കട്ടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്നാണ് നോട്ടുകൾ പിടികൂടിയത്.
കാർഡ്ബോർഡ് ബോക്സുകളിൽ സൂക്ഷിച്ച നിലയിലാണ് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്. സിനിമയുടെ ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന നോട്ടുകളാണെന്ന രീതിയിലുള്ള കുറിപ്പ് ഇവയ്ക്കൊപ്പം ഉണ്ടായിരുന്നു.
എങ്കിലും, ഇത്രയും വലിയൊരു തുകയുടെ വ്യാജ നോട്ടുകൾ ഇവിടെ സൂക്ഷിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന് വിലയിരുത്തി പൊലീസ് നോട്ടുകെട്ടുകൾ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു. ഇവിടെ വ്യാജ നോട്ടുകൾ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും മതിലകം പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
തിങ്കളാഴ്ച രാത്രിയിലാണ് നോട്ടുകെട്ടുകൾ കെട്ടിടത്തിൽ കൊണ്ടുവന്നതെന്ന് ഉടമ പൊലീസിന് മൊഴി നൽകി. സിനിമാ ആവശ്യത്തിനുള്ള സാമഗ്രികൾ ഒരാഴ്ചത്തേക്ക് സൂക്ഷിക്കാനാണ് കെട്ടിടം വാടകയ്ക്ക് നൽകിയതെന്നാണ് ഇയാളുടെ വിശദീകരണം.
ഇത്രയധികം വ്യാജ നോട്ടുകൾ സൂക്ഷിക്കാനുണ്ടായ യഥാർത്ഥ ലക്ഷ്യമെന്തെന്നും ഇതിന് പിന്നിൽ ആരാണെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ആദ്യം മൂന്നുപീടികയിലെ ഒരു വാടക വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. മൂന്നു ദിവസം മുൻപ് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ, അവിടെ നിന്നും നോട്ടുകൾ ഇവിടേക്ക് മാറ്റുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.