പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടിലെ തിരുവാരൂൽ സ്വകാര്യ സ്കൂളിൽ മൂന്ന് വയസ്സുകാരനായ പ്രീ-കെജി വിദ്യാർഥിയെ ക്ലാസ് മുറിയിൽ കെട്ടിയിട്ടതായി പരാതി. കൈകൾ കെട്ടിയിട്ട നിലയിൽ കുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും കണ്ണിനു സമീപം പരിക്കേറ്റ് രക്തം വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ സ്കൂൾ അധ്യാപികയ്ക്കും വനിതാ ആയയ്ക്കും എതിരെ പൊലിസ് കേസെടുത്തു. കുട്ടി വികൃതി കാണിച്ചതും അധ്യാപിക പറഞ്ഞത് അനുസരിക്കാത്തതുമാണ് കൊട്ടിയിടാൻ കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ആയ കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിടുകയായിരുന്നുവെന്നും അധ്യാപിക നിശബ്ദ കാഴ്ചക്കാരിയായി തുടരുകയായിരുന്നുവെന്നും പൊലിസ് വ്യക്തമാക്കി. വിനൈൽ ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കുട്ടി താഴെ വീണതാകാം കണ്ണിനു സമീപം പരിക്കേൽക്കാൻ കാരണമെന്നാണ് പൊലിസ് കരുതുന്നത്.
കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും നിലവിളിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ സമയം മറ്റ് കുട്ടികളും അധ്യാപികയെന്ന് കരുതുന്ന സ്ത്രീയും ക്ലാസ് മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു.
കുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ണിനു സമീപത്തെ പരിക്ക് ശ്രദ്ധയിൽപ്പെട്ട പിതാവ് കാര്യം തിരക്കിയപ്പോഴാണ് അധ്യാപികയും ആയയും ഉപദ്രവിച്ചതായി കുട്ടി പറഞ്ഞത്. തുടർന്ന് സ്കൂളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പിതാവ്, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം പൊലിസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തെ തുടർന്ന് അധ്യാപികയെയും ആയയെയും സ്കൂൾ മാനേജ്മെന്റ് ജോലിയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.