ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ അഴിമതിക്കേസിൽ നിർണായക റിപ്പോർട്ട് നെതർലാൻഡ്സിൽനിന്നു ലഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡച്ച് ഭാഷയിലുള്ള ഈ റിപ്പോർട്ട് സിബിഐക്കു കൈമാറിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതിന്റെ വിവർത്തനം പൂർത്തിയാക്കി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് കൈമാറാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
ഉദ്യോഗസ്ഥർ നെതർലാൻഡ്സിൽ നേരിട്ടു പോയി റിപ്പോർട്ട് ശേഖരിച്ചതാണെന്ന് കേന്ദ്രം അവകാശപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരാരും അവിടെ പോയിട്ടില്ലെന്നു കേരളത്തിന്റെ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിന് സുപ്രീംകോടതി ചുമത്തിയിരുന്ന പിഴ ഒഴിവാക്കി. തെറ്റായ വിവരം കോടതിയെ ധരിപ്പിച്ചതിനാണു നേരത്തേ 25,000 രൂപ കേന്ദ്ര സർക്കാരിനു പിഴ വിധിച്ചിരുന്നത്.
എന്നാൽ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ അഭ്യർത്ഥന പരിഗണിച്ച് കോടതി ഈ നടപടി പിൻവലിക്കുകയായിരുന്നു. കേസിന്റെ അന്വേഷണത്തിനായി നെതർലാൻഡ്സിലേക്കു പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന വിജിലൻസ് നേരത്തേതന്നെ ആഭ്യന്തരമന്ത്രാലയത്തിന് നൽകിയിരുന്നു. എന്നാൽ ഇങ്ങനെയൊരു പട്ടിക ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം കോടതിയെ തെറ്റായി അറിയിച്ചതാണു പിഴ വിധിക്കാൻ കാരണമായത്.
Tags : Dredger corruption case Centre Supreme Court Netherlands report