ലക്നോ: മരുന്നുകുപ്പികളിലും മറ്റുമുള്ളതുപോലെ മുട്ടകളിലും കാലാവധി രേഖപ്പെടുത്തണമെന്ന ഉത്തരവുമായി യുപി സർക്കാർ.
ഏപ്രിൽ ഒന്നു മുതൽ വിൽക്കുന്ന എല്ലാ മുട്ടകളിലും ഉത്പാദന തീയതിയും അവ ഉപയോഗിക്കേണ്ട അവസാന തീയതിയും രേഖപ്പെടുത്തണമെന്നാണ് സർക്കാർ ഉത്തരവ്. ഉപഭോക്താക്കൾക്ക് മുട്ടയുടെ ഗുണനിലവാരവും പഴക്കവും ഉറപ്പുവരുത്തുന്നതിനാണ് പുതിയ നിർദേശം.
മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഈ വിവരം അറിയിച്ചത്. സാധാരണ ഊഷ്മാവിൽ (30 ഡിഗ്രി സെൽഷസ്) സൂക്ഷിക്കുന്ന മുട്ടകൾ രണ്ടാഴ്ചയ്ക്കുള്ളിലും, ഫ്രിഡ്ജിൽ (2 മുതൽ 8 ഡിഗ്രി വരെ) സൂക്ഷിക്കുന്നവ അഞ്ച് ആഴ്ചയ്ക്കുള്ളിലും ഉപയോഗിച്ചിരിക്കണമെന്നു നിർദേശത്തിലുണ്ട്.
സാധാരണ താപനിലയിൽ സൂക്ഷിക്കുന്ന മുട്ടകളിൽ പിങ്ക് നിറത്തിലുള്ള മഷിയും, കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കുന്നവയിൽ നീല നിറത്തിലുള്ള മഷിയും ഉപയോഗിച്ചാണ് അറിയിപ്പു നൽകേണ്ടത്.
ഈ ഉത്തരവു നടപ്പാക്കുന്പോൾ മുട്ടയ്ക്കു വില വർധിക്കില്ലെന്നും ഒരു മുട്ടയ്ക്ക് പരമാവധി 6 പൈസ മാത്രമേ സ്റ്റാമ്പിംഗ് ചെലവ് വരികയുള്ളൂ എന്നും പൗൾട്രി ഫാം ഉടമകൾ പറയുന്നു.
Tags : Egg time limit UP Government