ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ തനിക്കെതിരെ വിധി പ്രസ്താവിച്ച ജസ്റ്റിസ് സ്വർണകാന്ത ശർമ കേസിൽ നിന്ന് പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചും ഭീഷണിപ്പെടുത്തിയുമുള്ള നീക്കങ്ങൾക്ക് വഴങ്ങില്ലെന്ന് ജസ്റ്റിസ് ശർമ വ്യക്തമാക്കി. കോടതി മുറിയിൽ നാടകീയമായ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
"ഇന്ന് ഞാൻ ഒരു കക്ഷിയുടെ നീതിയല്ല നടപ്പാക്കുന്നത്, മറിച്ച് ഒരു കക്ഷി എന്നെയും ഈ നീതിന്യായ വ്യവസ്ഥയെയും തന്നെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുകയാണ്" ജസ്റ്റിസ് ശർമ വികാരാധീനയായി പറഞ്ഞു. ഒരു ജഡ്ജി സോഷ്യൽ മീഡിയ ക്യാമ്പയിനുകളെയും ഭീഷണികളെയും ഭയന്ന് കേസുകളിൽ നിന്ന് പിന്മാറാൻ തുടങ്ങിയാൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കെജ്രിവാളിന്റെ ഭാഗത്തുനിന്ന് എട്ട് പ്രധാന വാദങ്ങളാണ് ജസ്റ്റിസ് ശർമയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ട് ഉയർന്നത്. ജഡ്ജിയുടെ കുടുംബത്തെപ്പോലും വലിച്ചിഴച്ചുള്ള ഈ നീക്കങ്ങളെ കോടതി കർശനമായി വിമർശിച്ചു.
നേരത്തെ കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്ന് വിധിച്ചത് ജസ്റ്റിസ് സ്വർണകാന്ത ശർമയായിരുന്നു. ഇതിനുപിന്നാലെയാണ് അവർക്ക് നിഷ്പക്ഷതയില്ലെന്ന് ആരോപിച്ച് കെജ്രിവാൾ കോടതിയെ സമീപിച്ചത്. എന്നാൽ, രാഷ്ട്രീയമായ സമ്മർദങ്ങൾക്കോ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കോ വഴങ്ങി ജുഡീഷ്യറിക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞു.