ന്യൂഡൽഹി: സൈനിക നടപടികളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തർക്കങ്ങൾ പരിഹരിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്നും സൈനിക ഏറ്റുമുട്ടലിലൂടെ അല്ലെന്നും മോദി പറഞ്ഞു.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഹൈദരാബാദ് ഹൗസിൽ ഫിൻലൻഡ് പ്രധാനമന്ത്രി അലക്സാണ്ടർ സ്റ്റബിനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദിയുടെ പ്രസ്താവന.
ഇന്ത്യയും ഫിൻലൻഡും വിശ്വസിക്കുന്നത് നിയമവാഴ്ചയിലും ചർച്ചകളിലും നയതന്ത്രത്തിലുമാണ്. സൈനിക ഏറ്റുമുട്ടലിലൂടെ മാത്രം ഒരു പ്രശ്നവും പരിഹരിക്കാനാകില്ലെന്ന കാര്യത്തിൽ തങ്ങൾക്ക് സമാന അഭിപ്രായമാണെന്നും മോദി അറിയിച്ചു.
യുക്രൈനായാലും പശ്ചിമേഷ്യ ആയാലും സംഘർഷം അതിവേഗം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനുമുള്ള എല്ലാ ശ്രമങ്ങളെയും തങ്ങൾ പിന്തുണയ്ക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.