നരേഷ് പാൽ ഗംഗാവാർ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടയിൽ കേന്ദ്രം നിയോഗിച്ച പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രസർക്കാരിൽനിന്ന് ഒരു കോടിയിലധികം രൂപ അനർഹമായി കൈപ്പറ്റിയെന്ന വിവാദത്തിൽപ്പെട്ട ഉദ്യോഗസ്ഥൻ.
കേന്ദ്ര കാർഷിക മന്ത്രാലയത്തിൽനിന്ന് 1.16 കോടി രൂപ സബ്സിഡി കൈപ്പറ്റിയതിന്റെ പേരിൽ ഒരു മാസം മുമ്പ് വിവാദത്തിലായ ഫിഷറീസ്, മൃഗസംരക്ഷണ സെക്രട്ടറി നരേഷ് പാൽ ഗംഗാവാറിനെയാണു കേന്ദ്രം പുതിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
സ്വന്തം മന്ത്രാലയത്തിൽനിന്ന് കേന്ദ്ര കാർഷികസഹമന്ത്രി ഭഗീരഥ് ചൗധരി ഒരു കോടി രൂപയ്ക്കടുത്ത് സബ്സിഡി കൈപ്പറ്റിയതായുള്ള വാർത്ത ദേശീയ ദിനപത്രമായ ഇന്ത്യൻ എക്സ്പ്രസാണ് കഴിഞ്ഞ മാസം 26ന് റിപ്പോർട്ട് ചെയ്തത്. സ്വന്തം മന്ത്രാലയത്തിന്റെ സബ്സിഡി സഹായം ലഭിക്കുന്നതിന് കേന്ദ്ര കാർഷികസഹമന്ത്രി വൈസ് പ്രസിഡന്റായ ബോർഡ് തന്നെയായിരുന്നു അനുമതി നൽകിയിരുന്നത്.
ഈ റിപ്പോർട്ടിലാണ് കേന്ദ്ര കൃഷിമന്ത്രാലയം വാണിജ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ ഫിഷറീസ്, മൃഗസംരക്ഷണ സെക്രട്ടറിയായിരുന്ന ഗംഗാവാറിന്റെ അമ്മയും ഭാര്യയും മകനും ചേർന്ന് 1.16 കോടി രൂപ കൈപ്പറ്റിയിരുന്നുവെന്നും പറയുന്നത്.
ഗംഗാവാറിന്റെ നിയമനത്തിനെതിരേ പ്രതിപക്ഷനേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നരേന്ദ്ര മോദിക്കു പിന്നിലൊളിക്കാൻ തെറ്റുകളില്ലാത്ത മുഖങ്ങളില്ലാതായെന്നും അത്രത്തോളം ആഴത്തിലാണ് ഈ സർക്കാരിലെ അഴിമതിയെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. ഗംഗാവാറിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കി നിയമിച്ചതിനെ ആത്യന്തിക പ്രഹസനമാണെന്ന് സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് പറഞ്ഞു.
Tags : Controversial Official NareshPalGangawar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash